3 കോടി വിലയുള്ള കാറിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ പൃഥ്വിരാജ് ചെലവാക്കിയത് 7 ലക്ഷം

കാക്കനാട്: വാഹനത്തിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ഏഴ് ലക്ഷം. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് ലക്ഷങ്ങള്‍ ചെലവാക്കിയത്. തന്റെ മൂന്ന് കോടിയോളം രൂപ വിലയുള്ള ആഡംബര കാറിന് വേണ്ടിയാണ് താരം ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C.N. 1 നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്. 10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്‍മാറുകയായിരുന്നു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പറിന് നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപ. ഒന്നാം നമ്പറിന് പുറമേ നിരവധി ഫാന്‍സി നമ്പറും ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ പോയി. ലേലത്തിലൂടെ ആകെ 30 ലക്ഷം രൂപ ലഭിച്ചു. KL 07 C.N. 2ന് 2.3 ലക്ഷം, നമ്പര്‍ 9ന് 3.40 ലക്ഷം, നമ്പര്‍ 77ന് ഒരു ലക്ഷം, നമ്പര്‍ 99ന് രണ്ട് ലക്ഷം, നമ്പര്‍ 100ന് 1.25 ലക്ഷം, നമ്പര്‍ 111ന് ഒരു ലക്ഷം രൂപ എന്നിങ്ങനെ ലേലത്തില്‍ പോയതായി എറണാകുളം ജോ. ആര്‍.ടി.ഒ. കെ.എല്‍. ഫ്രാങ്ക്‌ലിന്‍ പറഞ്ഞു. മറ്റു നമ്പറുകള്‍ക്ക് ലേലത്തില്‍ ഒരു ലക്ഷത്തിനു താഴെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top