ന്യൂഡല്‍ഹി: മോദി തരംഗത്തില്‍ കാലിടറിയ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണുള്ളത്. രാജ്യത്ത് കോണ്‍ഗ്രസിന്റെ ഭാവി തന്നെ തുലാസിലായിരിക്കുകയാണ്. തിരിച്ചു വരവ് കഠിനമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ പരാജയം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
പ്രിയങ്ക ഗാന്ധിക്ക് ചുമതലയുണ്ടായിരുന്ന 26 മണ്ഡലങ്ങളില്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. മാത്രമല്ല എസ്പി ബിഎസ്പി സഖ്യത്തിന് കിട്ടേണ്ടിയിരുന്ന മതേതര വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാണ് പ്രിയങ്കയുടെ യുപിയിലെ പ്രചാരണം സഹായിച്ചത്. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം യുപിയില്‍ ബിജെപിക്ക് അപ്രമാദിത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമായാണ് മാറിയത്.
അണികളുയര്‍ത്തിയ ഇന്ദിരാവിളികളുടെ ഇടയിലൂടെ, പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് അതു പകര്‍ന്ന പ്രതീക്ഷ ചെറുതല്ല. മുത്തശി ഇന്ദിരാഗാന്ധിയുമായുള്ള രൂപസാദൃശ്യം അണികളുടെ വാക്കുകളിലും മാധ്യമങ്ങളിലും നിറഞ്ഞു. തീര്‍ത്തും ദുഷ്‌കരമായ ദൗത്യമാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ കന്നിക്കാരിയായ സഹോദരിയെ ഏല്‍പിച്ചത്. കോണ്‍ഗ്രസിന്റെ അടിത്തറയിളകിയ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുക. കൂട്ടിന് ജ്യോതിരാദിത്യസിന്ധ്യ എന്ന യുവനേതാവും. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഉത്തര്‍പ്രദേശിലേക്കുള്ള ആദ്യവരവ് തന്നെ പരമാവധി വലിയ ശക്തിപ്രകടനമാക്കാന്‍ കോണ്‍ഗ്രസിനായി.
യു.പിയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും എന്നുവരെ പ്രചാരണമുണ്ടായി. തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തി അമേത്തി പ്രിയങ്കയ്ക്ക് കൈമാറുമെന്നു പോലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ എല്ലാ പ്രചാരണങ്ങളും പ്രതീക്ഷകളും തകിടം മറിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.
അമേത്തി, റായ്ബറേലി, വരാണസി, സഹരന്‍പുര്‍, ബിന്‍ജോര്‍, ഗാസിയാബാദ്, ഫത്തേപുര്‍ സിക്രി, കാണ്‍പുര്‍, ഝാന്‍സി, മിര്‍സാപുര്‍, മഹാരജ് ഗഞ്ച്, ഫത്തേപുര്‍ എന്നിവിടങ്ങളിലായി 33 പൊതുയോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നു. എന്നാല്‍ പ്രിയങ്കയുടെ സാന്നിധ്യം വോട്ടായി മാറിയില്ല. വര്‍ഷങ്ങളായി നെഹ്‌റു കുടുംബം കുത്തകയാക്കിയ അമേത്തിയില്‍ സഹോദരന്‍ ദയനീയമായി തോല്‍ക്കുന്നതിനാണ് പ്രിയങ്ക സാക്ഷ്യം വഹിച്ചത്. റായ്ബറേലി നിലനിര്‍ത്താന്‍ സോണിയാ ഗാന്ധിക്ക് കഴിഞ്ഞതു മാത്രമാണ് ഏക ആശ്വാസം.