പ്രിയങ്കയുടെ നിലപാടില്‍ അത്ഭുതപ്പെടുന്നില്ല;കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ചത് മൃതുഹിന്ദുത്വ നിലപാട്, പിണറായി വിജയൻ

pinarayi-vijayan

മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതിയുണ്ടാവില്ലായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തില്‍ എനിക്ക് ഒരു അത്ഭുതവുമില്ല. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി ഉണ്ടാവില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെ നിലപാടില്‍ പുതുതായി എന്തെങ്കിലും ഉള്ളതായി കരുതുന്നില്ല. എക്കാലവും മൃതുഹിന്ദുത്വത്തിന്റെ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാര്‍ ചിറിപാഞ്ഞെത്തിയപ്പോള്‍ കണ്ണടച്ചിരുന്ന് നിസംഗതയോടെ അതിനെ സമീപിച്ചത് കോണ്‍ഗ്രസിന്റെ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ നേതൃത്യത്തിലുള്ള കേന്ദ്ര സര്‍ക്കാരായിരുന്നു. ഇത് നടന്നപ്പോള്‍ ഇവര്‍ക്കൊപ്പം നിന്ന ചരിത്രമാണ് ലീഗിനുള്ളത്. ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ‘ മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യ വിഷയത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ മുന്‍പ് വ്യക്തമാക്കിയ നിലപാട് തന്നെയാണ് സര്‍ക്കാരിനുമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കൊവിഡ് കണക്ക് 19 ലക്ഷം കവിഞ്ഞു. അതെങ്ങനെ മറികടക്കാമെന്നാണ് നമ്മള്‍ ഇപ്പോള്‍ ആലോചിക്കേണ്ടത്. കൊവിഡ് കാരണം ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്ന ഒരുപാട് ജനങ്ങളുണ്ട്. അവര്‍ക്ക് എങ്ങനെ സാന്ത്വനം നല്‍കാനാവും, ഇതാണ് നമ്മള്‍ ഈ അവസരത്തില്‍ ആലോചിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. പ്രവാസികളെ സഹായിക്കാനായി അന്‍പത് കോടി രൂപ മാറ്റി വച്ചു എന്നത് ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Top