കൊല്‍ക്കത്ത:ആഭ്യന്തരമന്ത്രി അമിത ഷായ്ക്ക് എതിരെ കൂറ്റൻ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ.അമിത് ഷായ്‌ക്കെതിരെ പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധമാൻ അരങ്ങേറുന്നത് . ജനുവരിയില്‍ ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും പ്രതിഷേധം ഉയർന്നിരുന്നു .അതിന് പിന്നാലെയാണ് അമിത് ഷാ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്നത്. പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് അമിത് ഷായുടെ വരവ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങിയ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും കരിങ്കൊടിയും സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി പ്രതിഷേധിച്ചു. നൂറു കണക്കിന് ആളുകളാണ് ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
ബംഗാള്‍ നിയമസഭയില്‍ ബിജെപിക്ക് 6 എംഎല്‍എമാരുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ അത് 250 ആക്കി ഉയര്‍ത്തി ഭരണത്തിലേറുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അത് കൂടി മുന്നില്‍ കണ്ടാണ് അമിത് ഷായുടെ വരവ്. എന്നാല്‍ അമിത് ഷായെ ബംഗാള്‍ സ്വീകരിക്കുക കൂറ്റന്‍ പ്രതിഷേധമുയര്‍ത്തിയായിരിക്കും. പൗരത്വ നിയമത്തിന്റെയും ദില്ലി കലാപത്തിന്റെയും പേരിലാണ് പ്രതിഷേധം ഉയരുക.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ അമിത് ഷായ്‌ക്കെതിരെ പൊതുജനത്തേയും വിദ്യാര്‍ത്ഥികളേയും അണി നിരത്തി പ്രതിഷേധം തീര്‍ക്കും. ”മോദിയെ സ്വീകരിച്ചത് പോലെ കരിങ്കൊടികളുമായി ഷായെ സ്വീകരിക്കാന്‍ കൊല്‍ക്കത്ത തയ്യാറായിക്കഴിഞ്ഞു. ദില്ലി കലാപത്തിന്റെ രക്തത്തില്‍ മുങ്ങിയിരിക്കുകയാണ് അമിത് ഷായുടെ കൈകള്‍”. അതുകൊണ്ട് ബംഗാളിലേക്ക് ഷായ്ക്ക് സ്വാഗതമില്ലെന്ന് സിപിഎം പിബി അംഗം മുഹമ്മദ് സലീം വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഗോ ബാക്ക് അമിത് ഷാ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും പുതിയ രീതിയിലുളള വിവിധ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഹമ്മദ് സലീം പറഞ്ഞു. കോണ്‍ഗ്രസും അമിത് ഷായ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുമന്‍ മിത്ര വ്യക്തമാക്കി.
2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ബിജെപി കണ്ണ് വെച്ചിട്ടുളള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഭരണത്തില്‍ എത്താനായിട്ടില്ലെങ്കിലും ബംഗാളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കുറഞ്ഞ സമയം കൊണ്ട് ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ പൗരത്വ നിയമം കൊണ്ട് വന്നത് ബിജെപിക്ക് പ്രതീക്ഷിച്ച ഫലമല്ല ബംഗാളില്‍ ഉണ്ടാക്കിയത്. മമത ബാനര്‍ജിയും പ്രതിപക്ഷ പാര്‍ട്ടികളും അടക്കം ഒരു പോലെ കേന്ദ്രത്തിനെതിരെ തെരുവിലിറങ്ങി.
ഇതോടെ പതറിയ ബിജെപിയുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരാനാണ് അമിത് ഷാ ബംഗാളിലേക്ക് വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുന്‍പായി പൗരത്വ നിയമത്തെക്കുറിച്ചുളള ആശങ്കകള്‍ പരിഹരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയിലെ ഷഹീന്‍ മൈതാനത്ത് നടക്കുന്ന പൌരത്വ അനുകൂല റാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപി ബംഗാള്‍ ഘടകത്തിലെ ചില നേതാക്കളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട് എന്നത് പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അമിത് ഷാ പ്രമുഖ നേതാക്കളുമായി നേരിട്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.പൗരത്വ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം വേണ്ടെന്നും അണികളെ ആശങ്കയിലാക്കരുതെന്നും നേതാക്കള്‍ക്ക് ഷാ നിര്‍ദേശം നല്‍കിയേക്കും. തീവ്ര ഹിന്ദുത്വവും ധ്രുവീകരണമുണ്ടാക്കുന്ന പൗരത്വ നിയമവും ബംഗാള്‍ ജനത സ്വീകരിച്ചേക്കില്ല എന്നാണ് ഒരു കൂട്ടം ബിജെപി നേതാക്കള്‍ കരുതുന്നത്. അമിത് ഷായുമായുളള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചേക്കും.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുളള പ്രചാരണ പരിപാടികള്‍ക്ക് അമിത് ഷാ തുടക്കം കുറിക്കും. ‘അര്‍ നോയ് അന്യായ്’ ( ഇനി അനീതി വേണ്ട) എന്നതാണ് ബിജെപിയുടെ പ്രചരണ മുദ്രാവാക്യം. ബിജെപി ഇതുവരെ അധികാരത്തില്‍ എത്തിയിട്ടില്ലാത്ത സംസ്ഥാനമാണ് ബംഗാള്‍. നിലവില്‍ പാര്‍ട്ടിക്ക് ഒരു കോടി അംഗങ്ങള്‍ സംസ്ഥാനത്തുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.