നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വൻ പ്രതിഷേധം; കോഴിക്കോട്ട് ‘ദേ പുട്ട്’ അടിച്ചുതകർത്തു

കൊച്ചി : കോഴിക്കോട്ടെ ‘ദേ പുട്ട് റസ്റ്ററന്റ് ‘ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. അക്രമമുണ്ടാകുമെന്നു കരുതി പൊലീസ് നേരത്തെ കട പൂട്ടിച്ചിരുന്നു. ഗ്ലാസ് ഡോർ പൊളിച്ച് അകത്തു കയറിയ പ്രവർത്തകർ റസ്റ്ററന്റ് പൂർണമായും തല്ലിത്തകർത്തു. യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൊഴിക്കോട് നഗരത്തിൽ ദിലീപിന്റെ കോലം കത്തിച്ചു. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററിനുനേരെ കല്ലേറുണ്ടായി. തിയറ്ററിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. അറസ്റ്റിലായ നടൻ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളിൽ‌ പ്രതിഷേധം നടന്നു. യുവമോർച്ച, ഡിവൈഎഫ്ഐ പ്രവർത്തകർ വിവിധയിടങ്ങളിൽ‌ ദിലീപിന്റെയും ഗണേഷ് കുമാറിന്റെയും കോലം കത്തിച്ചു. നടൻ ദിലീപിന്റെയും നാദിർഷയുടെയും ഉടമസ്ഥതയിലുള്ള കൊച്ചി പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിനു നേരെ യുവമോർച്ച പ്രകടനം നടത്തി. റസ്റ്ററന്റ് ഇനി തുറക്കാൻ അനുവദിക്കില്ലെന്നു യുവമോർച്ച പ്രഖ്യാപിച്ചു.

Top