ന്യൂഡല്‍ഹി: പി.എസ്.സിയുടെ എസ്.ഐ നിയമനലിസ്റ്റ് സുപ്രീംകോടതി ശരിവച്ചു. ലിസ്റ്റ് അസാധുവാക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി നിലവിലെ പട്ടികയില്‍ നിന്ന് നിയമനം നടത്താനും നിര്‍ദേശം നല്‍കി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ശരിവച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. റാങ്ക് ലിസ്റ്റില്‍നിന്ന് ഇനി നിയമനം നടത്താം. 836 പേരുടെ പട്ടികയാണ് സുപ്രീം കോടതി ശരിവച്ചിട്ടുള്ളത്.
ഇതിനകം ജോലിയിൽ പ്രവേശിച്ചവരെ പിരിച്ചുവിടരുതെന്നും പകരം നിയമനം നടത്തരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
സംവരണ തത്വങ്ങള്‍ അട്ടിമറിച്ചുവെന്ന ഉദ്യോഗാര്‍ഥികളുടെ പരാതി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നേരത്തെ റദ്ദാക്കിയത്. സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എസ്ഐ തസ്തികയിലേക്ക് 2010 ഒക്ടോബറിലാണു പിഎസ്സി പരീക്ഷ നടത്തിയത്.
പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പ്രാഥമിക പരീക്ഷയ്ക്കുശേഷം മെയിന്‍ ലിസ്റ്റും സപ്ലിമെന്‍ ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതിന് പകരം പിഎസ്സി ഏകീകൃത പട്ടിക പ്രസിദ്ധീകരിച്ചതാണ് പരാതിക്ക് ഇടയാക്കിയത്.