
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് പ്രതികളായ മൂന്നുപേര്‍ പി.എസ്.സി റാങ്ക്പട്ടികയില്‍ ഉയര്‍ന്ന സ്ഥാനത്തുവന്നതില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. കുത്തുകേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഇവരെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കാനും പി എസ് സി പരീക്ഷയില്‍ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും തീരുമാനിച്ചു.
പ്രതികളുടെ ഉയര്‍ന്ന റാങ്കിനെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇവര്‍ക്കെതിരെ പി.എസ്.സി അന്വേഷണം ആരംഭിച്ചത്. പി.എസ്.സി വിജിലന്‍സിന്റെ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും ശുപാര്‍ശ ചെയ്തു.
ഒരു ക്രമക്കേടുമില്ലെന്ന് മുഖ്യമന്ത്രിയും പി എസ് സി ചെയര്‍മാനും തറപ്പിച്ചു പറഞ്ഞ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായാണ് പി.എസ്.സി തന്നെ സ്ഥിരീകരിക്കുന്നത്. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകളിലെത്തിയ എസ് എഫ് ഐ നേതാക്കളും വധശ്രമക്കേസ് പ്രതികളുമായ ആര്‍ ശിവരഞ്ജിത്ത്, പി പി പ്രണവ് ഇരുപത്തിയെട്ടാം റാങ്കിനുടമ എ.എന്‍ നസീം എന്നിവര്‍ ക്രമക്കേട് നടത്തിയതായാണ് പി എസ് സി വിജിലന്‍സ് കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ക്രമക്കേട്. ഫോണില്‍ക്കൂടി ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ശിവരഞ്ജിത്തിനും പ്രണവിനും ഉത്തരങ്ങളെത്തിയത് ഒരേ നമ്പറില്‍ നിന്നാണ്. ഫോണുമായി ബന്ധിപ്പിച്ച സ്മാര്‍ട് വാച്ച് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മൂവര്‍ക്കും പി എസ് സി പരീക്ഷകളില്‍ നിന്ന് സ്ഥിരം വിലക്കേര്‍പ്പെടുത്തി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും പി എസ് എസി ശുപാര്‍ശ ചെയ്യും. ആയിരക്കണക്കിന് ഉദ്യോഗാത്ഥികവ് കുറ്റമറ്റമറ്റ രീതിയില്‍ നടത്തുന്നുവെന്ന് വിശ്വസിക്കുന്ന പി എസ് സി പരീക്ഷകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് പരീക്ഷാ തട്ടിപ്പ് പുറത്തു വരുന്നത്.