പി.എസ്.സി സംശയത്തിന്റെ മുനയില്‍..!! ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വിമര്‍ശനവും ഉയരുന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണം പി.എസ്.സിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ്. കോളേജിലെ എസ്.എഫ്.ഐ നേതാക്കളില്‍ മൂന്നുപേര്‍ പോലീസിന്റെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതാണ് സംശയത്തിന്റെ തുടക്കം. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുമ്പോള്‍ പി.എസ്.സി പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്.

കാസര്‍കോട് കെ.എ.പി നാലാം ബറ്റാലിയനിലേക്കുള്ള സിവില്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റിലാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാരായ മൂന്ന്പേര്‍ മികച്ച റാങ്ക് നേടിയത്. ഇവരില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന് 13 മാര്‍ക്ക് വെയിറ്റേജ് ലഭിച്ച സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണം പൊലീസിന്റെ അന്വേഷണ വിഷയമാണ്. സ്പോര്‍ട്സ് വെയിറ്റേജ് മാര്‍ക്കില്ലാതെ തന്നെ ശിവരഞ്ജിത്തും മറ്റ് രണ്ട് എസ്.എഫ്.ഐക്കാരും മറ്റുള്ള ഉദ്യോഗാര്‍ത്ഥികളേക്കാള്‍ മുന്നിലാണ്. ഈ അസ്വാഭാവികതയാണ് സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള പി.എസ്.സിയെപോലും സംശയത്തിന്റെ മുള്‍ മുനയില്‍ നിറുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തിട്ടും ആ തരത്തിലുള്ള അന്വേഷണം നടക്കമോ എന്ന സംശയവും ഉയരുന്നുണ്ട്. അങ്ങനെ ഉണ്ടായാല്‍ വലിയൊരു തട്ടിപ്പിന്റെ ചുരുള്‍ അഴിയാന്‍ സാദ്ധ്യതയുണ്ട്. പരീക്ഷാ ഹാളില്‍ വച്ച് കോപ്പിയടിക്കുക, ചോദ്യം പുറത്തെത്തിച്ച ശേഷം മറ്രാരെങ്കിലും ശരിയുത്തരം എത്തിച്ചുകൊടുക്കുക എന്നിവയ്ക്കാണ് സാദ്ധ്യതയുള്ളത്. ഇനി ചോദ്യം ആരെങ്കിലും ചോര്‍ത്തി കൊടുത്തോ എന്ന സംശയവും ചില ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നുണ്ട്. അതേസമയം, കോളീജിയറ്റ് എഡ്യക്കേഷന്‍ ഉദ്യോഗസഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തങ്ങളുടെ കീഴിലുള്ള പരീക്ഷാ കേന്ദ്രത്തില്‍ കൃത്രിമം നടക്കാനുള്ള സാദ്ധ്യത കുറവാണെന്ന് നിഗമനത്തിലാണുള്ളത്.

സാധാരണ ഗതിയില്‍ വിവിധ വിഷയങ്ങള്‍ക്കുളള പി.എസ്.സിയുടെ വിദഗ്ദ്ധ പാനലില്‍പ്പെട്ട അഞ്ച് പേരില്‍ നിന്ന് പരീക്ഷയ്ക്കായി പി.എസ്. സി തന്നെ ചോദ്യം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇവരില്‍ നിന്ന് ഒരേ തരത്തിലുള്ള കവറില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ രജിസ്ട്രേഡ് പോസ്റ്റ് ആയി ചോദ്യം തയ്യാറാക്കി വരുത്തിക്കും. ഇതില്‍ നിന്ന് ഒന്ന് നറുക്കിട്ടെടുത്ത് ചെന്നൈയിലേയോ ഹൈദരാബാദിലേയോ സെക്യൂരിറ്റി പ്രസില്‍ പ്രിന്റ് ചെയ്ത് 20 എണ്ണം വീതം കെട്ടുകളായി എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നു.

ചോദ്യം തയ്യാറാക്കുന്ന വിദഗ്ദ്ധരെ തിരഞ്ഞെടുക്കുന്നതിലും വ്യത്യസ്ത രീതിയുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്ന് ചോദ്യം തയ്യാറാക്കാന്‍ പറ്റുന്ന വിദഗ്ദ്ധരുടെ ലിസ്റ്റ് വാങ്ങുകയോ യോഗ്യരായ അദ്ധ്യാപകരുടെ പട്ടിക വാങ്ങി പി.എസ്.സി തന്നെ അനുയോജ്യരായ ആളുകളുടെ പട്ടിക തയ്യാറാക്കുകയോ ചെയ്യുകയാണ് പതിവ്. ഇതുകൂടാതെ ചോദ്യം തയ്യാറാക്കാന്‍ കഴിവും താല്പര്യമുള്ളവര്‍ പി. എസ്.സി അംഗങ്ങള്‍ വഴി തങ്ങള്‍ ചോദ്യം തയ്യാറാക്കാന്‍ സന്നദ്ധരാണെന്ന് അറിയിക്കുകയും ചെയ്യാറുണ്ട്.

പരീക്ഷാ കണ്‍ട്രോളര്‍ വഴിയാണ് ഇവരെയും പാനലില്‍ പെടുത്തുന്നത്. ഏതെങ്കിലും തലത്തിലുള്ള പിഴവുകള്‍ മൂലം ഈ ലിസ്റ്റില്‍ തെറ്റുകള്‍ കടന്നുകൂടാറുണ്ട്. ഒരിക്കല്‍ ലക്ചറര്‍ തസ്തികയില്‍ പരീക്ഷയ്ക്ക് പി.എസ്.സിയില്‍ അപേക്ഷിച്ച ഒരു ഗസ്റ്റ് ലക്ചറര്‍ തന്നെയാണ് തന്റെ പി.എസ്.സി പരീക്ഷയുടെ ചോദ്യവും തയ്യാറാക്കിയത്. തിരഞ്ഞെടുത്ത ചോദ്യം പരീക്ഷയ്ക്ക് ശേഷം ഇത് തയ്യാറാക്കിയ അഞ്ചപേര്‍ക്കും അയച്ചുകൊടുത്താണ് ആരാണ് തയ്യാറാക്കിയതെന്ന് ഉറപ്പുവരുത്തുന്നത്. പി.എസ്.സി ജീവനക്കാര്‍ തന്നെയാണ് ഒരു മണിക്കൂര്‍ മുമ്പെ പരീക്ഷാ കേന്ദ്രങ്ങളില്‍ ചോദ്യക്കടലാസ് എത്തിക്കുന്നത്. ഈ വഴിയിലുള്ള അന്വേഷണത്തിലൂടെ ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്ന് കണ്ടെത്താനാവും.

എന്നാല്‍ ഇതിനൊക്കെ പി.എസ്.സി ഇന്റേണല്‍ വിജിലന്‍സ് തയ്യാറാകമോ എന്നാണ് സംശയം. ഇതിന് മുമ്പ് 2003ലും പി.എസ് സിയുടെ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു. ഇപ്പോള്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടന്നോ എന്നന്വേഷിക്കന്ന പി.എസ്. സി ഇന്റേണല്‍ വിജിലന്‍സ് സമഗ്രമായി അന്വേഷിച്ചാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്നതും കണ്ടുപിടിക്കാന്‍ കഴിയും. എസ്.പി, ഡിവൈ.എസ് പി എന്നിവരുള്‍പ്പെടുന്ന 8 പൊലീസുകാരാണ് ഇന്റേണല്‍ വിജിലന്‍സിലുള്ളത്. അതേസമയം, ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ള ശിവരഞ്ജിത്തിനെയും നസീമിനെയും വിശദമായി ചോദ്യം ചെയ്താലും അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടണ്ടോ എന്നത് അറിയാനാവും.

Top