
കൊച്ചി: നിലപാടുകളുടെ രാജകുമാരൻ എന്നാണു പിടി തോമസ് എന്ന കോൺഗ്രസ് നേതാവിനെ അറിയുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്റെ ശവമടക്ക് നടത്തിയ പുരോഹിത വർഗത്തിന് തന്റെ മരണശേഷവും അടുപ്പിച്ചില്ല എന്നതാണത് ആ നിലപാടിന്റെ വ്യക്തത .മരണശേഷം തന്റെ ശരീരം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കനാമെന്നാണ് പിടി താമസിന്റെ അന്ത്യാഭിലാഷം.അവിടെയും പിടി വിജയം കൊയ്തു .പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ സാമൂഹിക ബഹിഷ്‌കരണം വരെ നേരിടേണ്ടി വന്ന നേതാവാണ് പുതിയപറമ്പില്‍ തോമസ് തോമസ് എന്ന പിടി തോമസ്.
ജീവനോടെയിരിക്കെ സ്വന്തം ശവഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിച്ചക്കേണ്ടി വന്ന, അപ്പോഴും പള്ളിമണിയടിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച കോണ്‍ഗ്രസ് നേതാവ്. പിന്തുണക്കേണ്ടവര്‍ തള്ളി പറഞ്ഞപ്പോഴും അര്‍ഹതപ്പെട്ട പദവികളില്‍ നിന്ന് പിഴുതെറിയപ്പെട്ടപ്പോഴും നിലപാടുകളില്‍ ഉറച്ചുനിന്ന പി ടി തോമസ് ദുരന്തമുഖങ്ങളില്‍ തിരുത്ത് തേടുന്ന കേരളം വിസ്മരിച്ചുകൂടാത്ത പേരാണ്.
2009 ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് എംപിയായി. 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നും നിയമസഭയിലേക്ക് ജയിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരളത്തെ ഇളക്കി മറിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടായിരുന്നു പി ടി തോമസിന്റെ പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തെ തന്നെ നിര്‍ണ്ണയിച്ചത്. ഇടുക്കിയിലാകെ പ്രതിഷേധത്തിന് തിരികൊളുത്തിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചുകൊണ്ടായിരുന്നു പി ടി തോമസിന്റെ നിലപാട്.
ജനകീയ പ്രതിഷേധത്തിനൊപ്പം കത്തോലിക്ക സഭയും ഏറ്റെടുത്ത സമരത്തെ തള്ളിക്കൊണ്ട് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. ഇടുക്കി, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാരെ പ്രതികൂട്ടില്‍ നിര്‍ത്തി പിടി തോമസ് ആരോപണമുന്നയിച്ചു. ആത്മീയതയുടെ മുഖാവരണം അണിഞ്ഞ കുറെ വൈദികരാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയും തനിക്കെതിരെയും കുപ്രചരണങ്ങള്‍ നടത്തുന്നതെന്ന് പിടി തുറന്നടിച്ചു.
അനധികൃത പാറമട ലോബികള്‍, വനം കൊള്ളക്കാര്‍, ഭൂമി കയ്യേറ്റക്കാര്‍ തുടങ്ങിയ മാഫിയ സംഘങ്ങള്‍ ഇവര്‍ സാമ്പത്തികമായി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നവരാണ് ജനങ്ങളെ ഇളക്കിവിടുന്നതെന്ന് പ്രസ്താവന നടത്തി. ഇതിന്റെ ഫലം ഇടുക്കിയില്‍ നിന്ന് പി ടി തോമസിന്റെ നാടുകടത്തണമെന്ന ആഹ്വാനമായിരുന്നു. അദ്ദേഹത്തിന്റെ പ്രതീകാത്മക ശവമഞ്ചവുമായി ഘോഷയാത്ര നടത്തപ്പെട്ടു. ഈ സംസ്‌ക്കാര ചടങ്ങില്‍ അച്ചന്മാരും ആത്മായക്കാരും ഭാഗമായി. ശവസംസ്‌കാരം നടത്തിയതിന്റെ സന്തോഷ സൂചകമായി പോത്തിനെ വെട്ടി ആഘോഷിക്കപ്പെട്ടു.
എന്നാല്‍ പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടതാണെന്ന നിലപാടില്‍ പിടി തോമസ് ഉറച്ചുനിന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി- മത സാമൂദായിക നേതൃത്വങ്ങളുടെ എതിര്‍ചേരിയിലേക്ക് പി ടി തോമസ് മാറി. കോണ്‍ഗ്രസിനകത്തുപോലും അദ്ദേഹം ഒറ്റപ്പെട്ടു. തനിക്ക് അര്‍ഹതപ്പെട്ട പാര്‍ലമെന്റ് സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പ്രതിഷേധം വ്യക്തമാക്കിയപ്പോഴും തള്ളിപ്പറയുന്നവരെല്ലാം ഒരിക്കല്‍ തിരുത്തുമെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു പി ടി തോമസ് തന്റെ നിലപാടിന്റെ മുറുകെപിടിച്ചു. ഇന്ദിരാഗാന്ധിയുടെ സൈലന്റ് വാലി പോരാട്ടവുമായി തന്റെ ശ്രമങ്ങളെ അദ്ദേഹം സമരസപ്പെടുത്തിക്കൊണ്ടിരുന്നു.
പില്‍കാലത്ത് പ്രളയ ദുരന്തങ്ങളില്‍ മലയോര മേഖല പകച്ചുനിന്നപ്പോഴും പി ടി തോമസ് തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. കവളപ്പാറയും പുത്തുമലയും മുന്നറിയിപ്പുകളല്ല അവഗണനയുടെ ഫലമാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. നിയമസഭയില്‍ വീണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം നടത്തി. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും തള്ളിപ്പറഞ്ഞെങ്കിലും ജനങ്ങള്‍ മാറി ചിന്തിക്കുന്ന കാലം എത്തിയിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സജീവ ചര്‍ച്ചകളിലേക്ക് എത്തിയപ്പോള്‍, ജനകീയ പ്രതിഷേധങ്ങളുണ്ടായപ്പോള്‍ തന്റെ നിലപാടില്‍ ഉറച്ചു വിശ്വസിച്ച പിടി തോമസ് എന്ന ജനപ്രതിനിധി കൂടിയാണ് വിജയിച്ചത്.
രാഷ്ട്രീയത്തിലും ഗോഡ്ഫാദര്‍മാരില്ലാത്ത നേതാവായിരുന്നു പി ടി തോമസ്. കോണ്‍ഗ്രസിന്റെ ഏറ്റവും താഴെതട്ടില്‍ നിന്നും വളര്‍ന്നു വന്ന് സ്വയം പടുത്തുയര്‍ത്തിയ നേതാവ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പെട്ടെന്ന് ഒരുള്‍പൊട്ടലില്‍ പൊന്തി വന്ന നേതാവായിരുന്നില്ല പി ടി. ആരുടെയും തണലിലോ പ്രത്യേക താത്പര്യത്തിലോ നിലകൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു കാലത്ത് ശക്തനായ ആന്റണി പക്ഷക്കാരനായിരുന്നെങ്കിലും പിന്നീട് അവിടെനിന്നും അകന്നുനിന്നു.
എന്നാല്‍ ഇടുക്കിയില്‍ തഴയപ്പെട്ട് 2016-ല്‍ തൃക്കാക്കരയില്‍ എത്തിയ സാഹചര്യത്തില്‍ സുഹൃത്തും പരിസ്ഥിതിവാദിയുമായ വി എം സുധീരന്റെ ഇടപെടലുകളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു.തന്റേടമുള്ള രാഷ്ട്രീയ നിലപാടുകൾ, ജനകീയത, സംഘാടന മികവ് ഇതായിരുന്നു പി ടി തോമസ്. ആരുടെ മുഖത്തുനോക്കിയും സത്യം പറയാന്‍ ഭയമില്ലാത്ത നേതാവ്. നിലപാടിലെ കാർക്കശ്യവും സംഘാടന മികവുമായിരുന്നു പി ടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ പ്രത്യേകത. എതിരെ കെ കരുണാകരനായിരുന്നാലും പിണറായി വിജയനായിരുന്നാലും കുത്തിന് കൊള്ളുന്ന തന്റെ ശൈലിയില്‍ പി ടി വിമര്‍ശിച്ചിരിക്കും.
നിയമസഭയ്ക്ക് അകത്തും പുറത്തും കേരളത്തിലെ നേതാക്കള്‍ അതേറ്റുവാങ്ങി. പലപ്പോഴും അത്തരം വിമര്‍ശനങ്ങളില്‍ പതറി വിവാദങ്ങളിലേക്കും പി ടി തോമസ് വീണു. 2021-ല്‍ തൃക്കാക്കരയില്‍ വിജയം ആവര്‍ത്തിച്ച് തിരിച്ചെത്തിയതിന് ശേഷം കടമ്പ്രയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റെക്സ് കമ്പനിക്കെതിരെ പരസ്യ പോരാട്ടത്തിന് ഇറങ്ങികൊണ്ടായിരുന്നു പിടി തോമസ് തന്റെ പോരാട്ടവീര്യം പുതുക്കിയത്.
സംസ്ഥാന സര്‍ക്കാരിനെതിരെ വ്യവസായ വിരുദ്ധരെന്ന കിറ്റെക്‌സിന്റെ പ്രചാരണം കനക്കുന്നതിനിടെയായിരുന്നു സാബു ജേക്കബിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷത്തുനിന്ന് ആരോപണം ആഞ്ഞടിച്ചത്. തന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ കോടികളുടെ നഷ്ടപരിഹാര കണക്കുപറഞ്ഞുള്ള കിറ്റെക്‌സിന്റെ പ്രത്യാക്രമണത്തെ തെളിവുനിരത്തി നേരിട്ട പി ടി തോമസ് ഒരു പതിറ്റാണ്ടപ്പുറം ക്ഷീണിതനല്ലെന്ന് തെളിയിക്കുകയായിരുന്നു