പുലയൻ തെറിയെന്നു സെൻസർ ബോർഡ്; ആഷികും രാജീവ് രവിയും തുറന്നു പറയുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടത്തിൽ പുലയൻ എന്ന വാക്ക് ഉപയോഗിക്കാൻ വിസമ്മതിച്ച സെൻസർ ബോർഡിന്റെ നടപടിയെ വിമർശിച്ച് സംവിധായകനായ രാജീവ് രവി രംഗത്ത് വന്നു. ‘പുലയൻ’ എന്ന വാക്ക് ഒരിക്കൽപോലും സിനിമയിൽ ഉപയോഗിക്കാൻ എന്നെ സെൻസർ ബോർഡ് അനുവദിച്ചില്ല. അതൊരു തെറിയാണെന്നാണ് ബോർഡ് പറയുന്നത്. ‘എന്റെ പുലയനോട് ഒരുവാക്ക് പറഞ്ഞോട്ടെ’ എന്ന പാട്ടിന്റെ വരിയിൽനിന്നുപോലും ആ വാക്ക് ഒഴിവാക്കേണ്ടിവന്നതായും രാജീവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു അഭിമുഖത്തിനിടെയാണ് രാജീവ് രവിയുടെ അഭിപ്രായപ്രകടനം. ‘പുലയൻ’ എന്നത് തെറികളുടെ കൂട്ടത്തിൽ ഉള്ള വാക്കാണ്. അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് അയച്ച കത്ത് എന്റെ കൈവശം ഉണ്ട്. സിനിമയിൽ പുലയകഥാപാത്രമായി അഭിനയിച്ചത് ഒരു പുലയസമുദായ അംഗമാണ്. അവർക്കൊന്നും ആ വാക്ക് തെറിയായി തോന്നുന്നില്ലെന്നും രാജീവ് രവി പറഞ്ഞു.

രാജീവ് രവിയുടെ പരാമർശം സംവിധായനായ ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് സെൻസർ ബോർഡിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്. കമ്മട്ടിപ്പാടത്തിൽ നിന്നും ചില സംഭാഷണശകലങ്ങളും രംഗങ്ങളും വെട്ടിമാറ്റാനും സെൻസർ ബോർഡ് ശ്രമിച്ചിരുന്നു. എന്നാൽ കൂടുതൽ വെട്ടിമാറ്റലുകൾ വേണ്ടെന്ന സംവിധായകന്റെ നിലപാടിൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ചിത്രം മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Top