പള്‍സറിന്റെ കെണിയില്‍ വീണത് രണ്ട് നടിമാര്‍, തട്ടിയത് മുപ്പത്‌ലക്ഷത്തോളം രൂപ; മൊബൈല്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പിടികൂടാനാകാതെ പോലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസ്സിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ പോലീസിന് ഇനിയും പിടികൂടാനായിട്ടില്ല. ഇതിനിടയില്‍ പ്രതി മുമ്പ് രണ്ട് വട്ടം ഇതേ രീതിയില്‍ നടിമാരെക്കുടുക്കി പണം തട്ടി എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നു. രണ്ട് യുവ മലയാള നടിമാരാണ് ഇതിന് ഇരയായത്. എന്നാല്‍ അപമാനം ഭയന്ന് അവര്‍ പരാതി നല്‍കാന്‍ മടിച്ചതിനാല്‍ വിവരം പുറത്തറിയാതെ പോകുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍കാല നടി മേനകയ്ക്കും പള്‍സര്‍ സുനിയില്‍ നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഭര്‍ത്താവ് മോഹന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ മാര്‍ട്ടിനില്‍നിന്നാണ് പോലീസിന് സുനിയുടെ ചെയ്തികളെക്കുറിച്ചും ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും സുപ്രധാനവിവരങ്ങള്‍ ലഭിച്ചത്. ഇതിനുമുമ്പ് അപമാനിച്ച നടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വന്‍തുക തട്ടിയതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 30 ലക്ഷത്തോളം രൂപ ഈ താരങ്ങളില്‍നിന്ന് സുനി കൈക്കലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് മുമ്പ് സുനി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഏതാണ്ട് ഒരുമാസത്തെ തയ്യാറെടുപ്പായിരുന്നു ഇത്. മാര്‍ട്ടിനുമായി പലവട്ടം ചര്‍ച്ച നടത്തി. വെള്ളിയാഴ്ച രാത്രി ആക്രമണത്തിനായി എല്ലാ സന്നാഹങ്ങളുമൊരുക്കിയെങ്കിലും നടിയുടെ യാത്രയുടെ കൃത്യമായ വിവരങ്ങള്‍ സുനിക്ക് കിട്ടിയിരുന്നില്ല. നടിക്കൊപ്പം ആരെങ്കിലും കൂടെയുണ്ടാകുമെന്നും ഭയന്നു. അതുകൊണ്ട് രഹസ്യ കോഡ് ഉപയോഗിക്കാനുള്ള നിര്‍ദേശം മാര്‍ട്ടിന് നല്‍കി. ആരെങ്കിലും കൂടെയുണ്ടെങ്കില്‍ ‘എക്സ്’ എന്നും ഇല്ലെങ്കില്‍ ‘വൈ’ എന്നും മെസേജ് ചെയ്യാനായിരുന്നു മാര്‍ട്ടിന് സുനി നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് നടി ഒറ്റയ്ക്കാണ് വാഹനത്തിലുള്ളതെന്ന് കാട്ടുന്ന കോഡിലൂടെ മാര്‍ട്ടിന്‍ സുനിക്ക് സന്ദേശമെത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്. അതേസമയം, സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍ കൂടി കേസില്‍ പ്രതികളാകും. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്.

എന്നാല്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് സംഘത്തിനു സംഘടിപ്പിക്കാനായത്. അതുകൊണ്ടുതന്നെ പ്രതികള്‍ ഏറെ ദൂരം പോയിരിക്കാന്‍ ഇടയില്ലെന്ന പൊലീസ് നിഗമനത്തിന്റെ അടിസ്ഥാനവും ഇതാണ്. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍നിന്നു കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. നെല്‍സണും സുനിക്ക് പണം നല്‍കി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം േകസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

Top