പള്‍സര്‍ സുനിക്ക് പിന്നില്‍ സൂത്രധാരന്‍ എന്ന സൂചന നല്‍കി മണികണ്ഠന്റെ മൊഴി; പിടികൂടാനാകാത വലഞ്ഞ് പോലീസും; രാഷ്ട്രീയം കലര്‍ത്താന്‍ നേതാക്കന്മാരും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പിന്നില്‍ ഒരു സൂത്രധാരന്‍ ഉണ്ടെന്ന് വെളിപ്പെടുന്ന മൊഴിയാണ് മണികണ്ഠന്‍ നല്‍കിയത്. നടിയെ അക്രമിച്ച് വീഡിയോ ചിത്രീകരിച്ച് പിന്നീടത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പ്രതികളുടെ ഉദ്ദേശമെന്നാണ് കരുതുന്നതെങ്കിലും സംഭവത്തിന് ശേഷം സുനില്‍ ആരോടോ ഫോണില്‍ സംസാരിച്ചെന്നും പണത്തിന്റെ കാര്യങ്ങളും പറഞ്ഞെന്നുമുള്ള മൊഴിയാണ് മണികണ്ഠന്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ പ്രതിയായ പള്‍സര്‍ സുനിയെ ഇതുവരേയും പിടിക്കാനാകാത്തത് പോലീസിന് ക്ഷീണം ഉണ്ടാക്കുന്നുണ്ട്. സര്‍ക്കാരിന്റെ പിടിപ്പ് കേടായി വിലയിരുത്തപ്പെടുന്ന സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാനും പാര്‍ട്ടികള്‍ കിണഞ്ഞ് ശ്രമിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം അരിച്ചു പെറുക്കിയിട്ടും സുനി പോലീസിന്റെ കണ്ണ് വെട്ടിച്ച് കഴിയുകയാണ്. സുനിയെ പിടിച്ചാല്‍ മാത്രമേ മണികണ്ഠന്റെ മൊഴിയില്‍ വ്യക്തത വരുത്താന്‍ പോലീസിന് കഴിയൂ. കൂടുതല്‍ ഊഹാപോഹങ്ങള്‍ പരക്കുന്ന കേസ്സില്‍ പോലീസ് നിശബ്ദത പാലിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവ ദിവസം രാത്രി അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാര്‍ തടഞ്ഞു ബലപ്രയോഗത്തിലൂടെ അതില്‍ കയറിയ മണികണ്ഠനും കൂട്ടാളികളും നടിയുമായി നഗരത്തിലെത്തിയപ്പോഴാണു മുഖ്യപ്രതി സുനില്‍കുമാര്‍ കാറില്‍ കയറി നടിയെ ഉപദ്രവിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ നേരത്തെ അതിക്രമങ്ങള്‍ക്കു ശേഷം നടിയെ വിട്ടയച്ച പ്രതികള്‍ മറ്റൊരു വാഹനത്തില്‍ മടങ്ങും മുന്‍പ് സുനില്‍ ആരെയോ ഫോണില്‍ വിളിച്ചു സംഭവം വിവരിക്കുന്നതിനിടയില്‍ പണത്തിന്റെ കാര്യവും സംസാരിച്ചു. അതിനു ശേഷം മണികണ്ഠനോടു പിറ്റേന്നു രാവിലെ തമ്മനത്തെ ഫ്‌ലാറ്റില്‍ വരാന്‍ നിര്‍ദേശിച്ച ശേഷമാണു പിരിഞ്ഞത്.

കോടതി റിമാന്‍ഡ് ചെയ്ത മണികണ്ഠനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും. നടിയുടെ മുന്‍ഡ്രൈവറാണ് സുനില്‍കുമാര്‍ എന്ന പ്രചാരണം ശരിയല്ലെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇപ്പോള്‍ നടി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഗോവയില്‍ നടക്കുമ്പോഴാണ് നിര്‍മാണ കമ്പനി ഇയാളെ ഡ്രൈവറായി നിയോഗിച്ചത്. ഡ്രൈവറായി നിശ്ചയിച്ചിരുന്നയാളുടെ പിന്മാറ്റമാണ് സുനിലിന് അവസരമായത്. നടിയുടെ ഡ്രൈവറാകാന്‍ ലഭിച്ച അവസരം സുനില്‍കുമാര്‍ ഉപേക്ഷിക്കുകയും പകരക്കാരനായി മാര്‍ട്ടിനെ നിര്‍ദേശിക്കുകയും ചെയ്തു. അതിനു ശേഷമാണു മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്ന് അക്രമം നടത്തിയത്. സംഭവത്തിന്റെ ആസൂത്രകനെന്നു സംശയിക്കുന്നയാളോടു സുനില്‍ സംസാരിച്ച മൊബൈല്‍ ഫോണല്ല അഭിഭാഷകന്‍ വഴി പിറ്റേന്നു കോടതിയില്‍ സമര്‍പ്പിച്ചതെന്ന് മണികണ്ഠന്റെ മൊഴികള്‍ അനുസരിച്ചു അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സുനിലിനു പുറമെ തലശേരി സ്വദേശി വിജീഷിനെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

Top