കൊച്ചി: കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സുനില്‍കുമാറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുക്കും.നടിയെ ആക്രമിച്ച കേസില്‍ പൊലീസ് നേരത്തേ ചോദ്യം ചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് പൊലീസിനെ വെട്ടിച്ച് ഇയാള്‍ മുങ്ങിയത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിക്ക് അഭാഭാഷകനെ പരിചയപ്പെടുത്തി നല്‍കിയതും നടന്‍ ദിലീപെന്ന് സൂചന പൊലീസില്‍ നിന്ന് പുറത്തുവന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി അന്വേഷണസംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിലീപിനെ മാറിമാറി ചോദ്യം ചെയ്തു.
പള്‍സര്‍ സുനി ആദ്യം ബന്ധപ്പെട്ട അഭിഭാഷകനെയാണ് ദിലീപ് പരിചയപ്പെടുത്തി കൊടുത്തതായി പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡ് ഈ അഭിഭാഷകന് കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ചൊന്നും അറിയില്ലെന്ന നിലപാടിലാണ് ദിലീപ്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
നടിയെ ആക്രമിച്ച് ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴി. നടിയെ ആക്രമിച്ചശേഷം പൊലീസിനെ വെട്ടിച്ച് ഫെബ്രുവരി 23 ന് എറണാകുളത്ത് അഭിഭാഷകന്റെ ഓഫീസില്‍ ഈ മൊബൈല്‍ ഏല്‍പ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അവിടെ പരിശോധന നടത്തിയെങ്കിലും മൊബൈല്‍ കണ്ടെത്താനായിരുന്നില്ല.അതിനാല്‍, ഈ അഭിഭാഷകനെയും പൊലീസ് ചോദ്യം ചെയ്യും. അഭിഭാഷകന്‍ വിതരണക്കാരുടെ സംഘടനയുടെ നിയമോപദേഷ്ടാവ് കൂടിയാണ്. ഈ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഗൂഢാലോചന കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസത്തേക്ക് കൂടി നീട്ടി