പുതുപ്പള്ളി പഞ്ചായത്തിലെ 13-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയക്ക് പിന്തുണയുമായി ഒരു അപ്രതീക്ഷിത അതിഥി

13 jaison--puthuppally--generalകോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും 13-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ജെയ്‌സണ്‍ പെരുവേലിക്ക് പിന്തുണയുമായി ഇന്നലെ ഒരു അപ്രതീക്ഷിത അതിഥി എത്തി.  ജയ്‌സണെ തേടിയെത്തിയ അതിഥി വോട്ട് അഭ്യര്‍ഥിക്കാന്‍ രംഗത്തിറങ്ങുക കൂടി ചെയ്തതോടെ നാട്ടുകാരുടെ ആകാംക്ഷ അത്ഭുതത്തിന് വഴിമാറി.  അമ്മയുടെ തോളിലിരുന്ന് ജെയ്‌സണെ കാണാന്‍ എത്തിയ മൂന്നു വയസുകാരന്‍ സദാശിവ് കൃഷ്ണയായിരുന്നു ഇന്നലെ പ്രചരണരംഗത്ത് താരം.  ഒരു മാസം നീണ്ട തെരച്ചിലിനൊടുവില്‍ ഇടത് അനുഭാവികളായ കുടുംബം ഇന്നലെ  പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തേടി എത്തിയപ്പോള്‍ നല്ല ശമരിയാക്കാരന് നന്ദി പറയാനെത്തി നാടിന് വേറിട്ടൊരു മാതൃകയാണ് നല്‍കിയത്. അപകടത്തില്‍ പെട്ട കുട്ടിയെ ധീരമായി രക്ഷിച്ച ജയ്‌സണെ തെരഞ്ഞ് കണ്ടുപിടിച്ച് നന്ദി പറയാന്‍ ഇവര്‍കാണിച്ച നല്ല മനസിന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു.  കോട്ടയത്ത് ഫ്‌ളാറ്റിലെ താമസക്കാരായ സുധാഭവനില്‍ അഡ്വ.ശ്രീജയാണ്  കുട്ടിക്കും വല്ല്യമ്മയ്ക്കുമൊപ്പം ഇന്നലെ നല്ല ശമരിയാക്കാരന് നന്ദി പറയാനെത്തിയത്. ഒരുമാസം മുന്‍പ് കോട്ടയത്തിനടുത്ത് മണിപ്പുഴയിലുള്ള കുട്ടികളുടെ പാര്‍ക്കില്‍ മൂന്നുവയസുകാരനെയും കൂട്ടി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ മാസം ആറിന് വൈകുന്നേരം ഏഴുമണിയോടെയാണ് മൂന്നു വയസുകാരന്‍ സദാശിവ് കൃഷ്ണയെയും കൂട്ടി അമ്മയും വല്ല്യമ്മ കോമളവും  പാര്‍ക്കിലെത്തിയത്.  എന്നാല്‍ മഴയുണ്ടായിരുന്നതിനാല്‍ ഇവര്‍ പാര്‍ക്കില്‍ കയറാതെ തിരിച്ച് പോകാന്‍ ഓട്ടോറിക്ഷ കാത്തു നില്‍ക്കുന്നതിനിടയിലാണ് റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ്‌നായ അപ്രതീക്ഷിതമായി ഓടിയെത്തി കുട്ടിയെ കടിക്കുന്നത്. അപ്രതീക്ഷിത ആക്രമണത്തില്‍ പേടിച്ചരണ്ട അമ്മ കുട്ടിയെ എടുത്തെങ്കിലും പട്ടി കാലിലെ ഷൂസില്‍ കടിച്ചു തൂങ്ങി. ഇതോടെ പകച്ചുപോയ ഇവര്‍ സഹായത്തിനായി നിലവിളിച്ച് കരഞ്ഞെങ്കിലും ആരുമെത്തിയില്ല. വാഹനങ്ങള്‍ നിര്‍ത്തി പലരും കാഴ്ച കണ്ടെങ്കിലും പട്ടിയെ ഭയന്ന് സഹായിക്കാന്‍ ആരും കൂട്ടാക്കിയില്ല. പട്ടി കടി വിടാതെ പരാക്രമം തുടര്‍ന്നതോടെ പ്രമേഹരോഗിയായ വല്ല്യമ്മ തല ചുറ്റി വീണു.  ഏതാനും മിനിട്ടുകള്‍ പേടിച്ചരണ്ടിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍ ചാടിയിറങ്ങി പട്ടിയുടെ വായില്‍ നിന്നും ബലമായി കുട്ടിയെ രക്ഷിക്കുന്നത്. രക്ഷിക്കുന്നതിനിടയില്‍ പരിക്കേറ്റെങ്കിലും കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച് റോഡിലെ ചെളിവെള്ളത്തില്‍ കൈകഴുകി ഇയാള്‍ ബൈക്കില്‍ കയറി. ചെറുപ്പക്കാരനോട് പേരും സ്ഥലവും  ചോദിച്ചപ്പോള്‍ പുതുപ്പള്ളിയിലാണെന്നും പേര് ജയ്‌സണ്‍ എന്നും മാത്രം മറുപടി നല്‍കി. ഇതിനിടെ കുട്ടിയെ പരിശോധിച്ച അമ്മ ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിനെ വിവരം അറിയിച്ചു. തുടര്‍ന്ന്  കുട്ടിയെ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ ഷൂസില്‍  പട്ടിയുടെ പല്ല് കുടുങ്ങുകയായിരുന്നു എന്ന് കണ്ടെത്തി. മുറിവുകള്‍ ഒന്നുമില്ലെന്ന് വ്യക്തമായതോടെ ഡെറ്റോള്‍ ഉപയോഗിച്ച് കഴുകക മാത്രം ചെയ്തു. തുടര്‍ന്ന് കുട്ടിയെ രക്ഷിച്ച യുവാവിനെ കണ്ടുപിടിച്ച് നന്ദി പറയണമെന്ന് വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മാസമായി നടത്തിയ അന്വേഷണം പുതുപ്പള്ളിയിലും പാമ്പാടിയിലുമെല്ലാം എത്തി. ഇതിനിടെ രക്ഷകന് പല അപരന്‍മാരും എത്തിയതായി വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയേറെ നിസ്വാര്‍ഥമായ സേവനം മാതൃകാപരമായി നടത്തിയ യുവാവിനെ കണ്ടെത്തിയേ അടങ്ങൂ എന്ന ദൃഡനിശ്ചയം ഒടുവില്‍ ഇവരെ ഒറിജിനല്‍ രക്ഷകന്റെ അടുത്ത് എത്തിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം പുതുപ്പള്ളിയില്‍ എത്തി പള്ളിയിലും അന്വേഷിച്ചു. തുടര്‍ന്ന് എറികാട് ക്ഷേത്രത്തില്‍ പോയി മടങ്ങുന്ന വഴി വാഹനത്തിലിരുന്ന വല്ല്യമ്മയാണ് വഴിവക്കില്‍ ഒട്ടിച്ചിരുന്ന ജയ്‌സന്റെ പോസ്റ്റര്‍ തിരിച്ചറിഞ്ഞത്. ഒരു മാസം മുമ്പ് മിന്നായം പോലെ കണ്ട് കടന്നുപോയ  യുവാവിനെ തിരിച്ചറിഞ്ഞ വീട്ടുകാര്‍ ഉടന്‍ സമീപത്തുള്ള ടാക്‌സി സ്റ്റാന്‍ഡിലെത്തി  സ്ഥാനാര്‍ഥിയുടെ നമ്പര്‍ സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ വിളിച്ച് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷമാണ് ഇന്നലെ ഇവര്‍ കുട്ടിയേയും കൂട്ടി ജയ്‌സണെ കാണാന്‍ എത്തിയത്. എത്തുക മാത്രമല്ല ഈ ചെറുപ്പക്കാരന് വോട്ട് അഭ്യര്‍ഥിച്ച് ഏതാനും യോഗസ്ഥലങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ നിലപാട് ഉള്ള കുടുംബമാണെങ്കിലും യൂത്ത് കോണ്‍ഗ്രസിലും ഇത്തരം സേവന തത്പരരായ യുവാക്കള്‍ ഉണ്ടെന്നത് ലോകത്തെ അറിയിക്കുന്നതിന് വേണ്ടി കൂടിയാണ് പരസ്യമായി പ്രചരണത്തിനിറങ്ങിയെതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചശേഷമാണ് മടങ്ങിയത്.

Top