ഖത്തറില്‍ പുതിയ ആഡംബര നഗരം വരുന്നു; ലോകം ഖത്തറിലേക്ക്…

ദോഹ: ഗള്‍ഫിലെ ആകര്‍ഷക നഗരമായി സാധാരണ വിലയിരുത്തുന്നത് ദുബായിയാണ്. ഒരു വേളയില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയുടെ അതിവേഗമുള്ള വളര്‍ച്ച ദുബായിക്ക് ഭീഷണിയായിരുന്നു. ദുബായിയെ മറികടന്ന് ദോഹയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ടോ നടപടികള്‍ക്ക് വേഗത കുറഞ്ഞു. ഖത്തറില്‍ മറ്റൊരു ആഡംബര നഗരമാണിപ്പോള്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്ത. പേര് ലുസൈല്‍. ആസൂത്രിത നഗരമാണിത്. അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ വേദികള്‍ക്കൊപ്പമാണ് ലുസൈല്‍ നഗരവും ഒരുങ്ങുന്നത്. ആധുനിക നഗരത്തിന്റെ വിശേഷണങ്ങള്‍ക്കപ്പുറത്താണ് ലുസൈല്‍. വിവരങ്ങള്‍ ഇങ്ങനെ….

ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടന്നത് റഷ്യയിലാണ്. ഫുട്‌ബോളിന് വേണ്ടി മാത്രമായി പുതിയ നഗരമൊരുക്കേണ്ട സാഹചര്യം റഷ്യയിലില്ലായിരുന്നു. എന്നാല്‍ അടുത്ത ലോകകപ്പ് നടക്കുന്ന ഖത്തറിലെ കാര്യങ്ങള്‍ അങ്ങനെയല്ല. അവര്‍ പുതിയനഗരം തന്നെ തയ്യാറാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളെയും അവിടെയുള്ള ഭരണകാധികാരികളെയും അറിയുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകില്ല. ദിവസങ്ങള്‍ക്കകം റോഡുകളും പാലങ്ങളും നിര്‍മിച്ച് കാഴ്ചക്കാരില്‍ ഞെട്ടലുണ്ടാക്കുന്ന രാജ്യങ്ങളാണ് ഗള്‍ഫിലുള്ളത്. ഈ ഒരു പശ്ചാത്തലത്തില്‍ നിന്ന് വേണം ലുസൈലിനെ പരിചയപ്പെടാന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ നഗരമാണ് ലുസൈല്‍. അതായത് നേരത്തെ നിലനിന്നിരുന്നില്ല ഇങ്ങനെ ഒന്ന്. എല്ലാം പുതിയതായി ഒരുക്കുന്നു. റോഡ്, പാലം, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, ആശുപത്രികള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി ആഡംബരമെന്ന് വിശേഷിക്കാവുന്നതിന് അപ്പുറുള്ള ഒരു നഗരമാണ് ഖത്തറില്‍ ഒരുങ്ങുന്നത്. ഖത്തര്‍ തലസ്ഥാനം ദോഹയാണ്. ദോഹയുടെ തെക്കന്‍ തീരത്താണ് ലുസൈല്‍ നഗരം പണിയുന്നത്. കൃത്യമായി പറഞ്ഞാല്‍ ദോഹയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ. ദോഹയുടെതിനേക്കാള്‍ സൗകര്യം ലുസൈലിലുണ്ടാകും. നാലര ലക്ഷം ജനങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും.

ലുസൈല്‍ നഗരത്തെ മാത്രം നിയന്ത്രിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമൊരുക്കുന്നുണ്ട്. നഗരത്തിന്റെ ഓരോ മൂലകളും ഡിജിറ്റലായി കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. ചെറിയ ഒരു അനക്കം പോലും നിയന്ത്രിക്കാനാകുമെന്ന് ചുരുക്കും. നഗരത്തിന്റെ ജോലി തുടങ്ങിയിട്ട് ഏറെകാലമായി. 70 ശതമാനം ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോള്‍ ആയിരങ്ങള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. അതിവേഗമുള്ള തീരുമാനങ്ങളാണ് ഖത്തര്‍ നടപ്പാക്കുന്നത്. ഖത്തറിലെ ഭാവി നഗരത്തിലാണ് അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുക എന്ന വിശേഷണം ഒട്ടും കുറഞ്ഞുപോകില്ല. കാരണം നേരത്തെ തീരപ്രദേശമായി ഒഴിഞ്ഞുകിടന്ന ഒരു മേഖല പുതിയ നഗരമാക്കുകയാണ്. അതും ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ മുന്‍കൂട്ടി കണ്ട്.

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരവും ഫൈനല്‍ മല്‍സരവും നടക്കുക ലുസൈലിലായിരിക്കും. ഇവിടെ അഞ്ച് സ്റ്റേഡിയങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഖത്തരി ദിയാര്‍ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കാണ് നഗരവികസനത്തിനുള്ള ചുമതല. ഖത്തര്‍ ലോകകപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ലുസൈല്‍ നഗരമായിരിക്കും. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന 22 ഹോട്ടലുകളാണ് നഗരത്തിലുണ്ടാകുക. പ്രധാന സ്റ്റേഡിയത്തിന് പുറമെ, ഫിഫ മാനദണ്ഡം പാലിക്കുന്ന പലിശീലന ഗ്രൗണ്ടുകളും നഗരത്തിലുണ്ടാകും. ആഘോഷത്തിനും ആഡംബരത്തിനും വേണ്ട എല്ലാ സൗകര്യത്തോടെയുമാണ് നഗരം അണിഞ്ഞൊരുങ്ങുന്നത്.

മനുഷ്യനിര്‍മിതമായ നാല് ദ്വീപുകളും നഗരത്തിലുണ്ടാകും. ഇവിടെക്ക് മാത്രമായി പ്രത്യേക യാത്രാ സംവിധാനം ഒരുക്കും. ഈ സംവിധാനം ദോഹ മെട്രോയുമായും ബന്ധിപ്പിക്കും. ദോഹയില്‍ എത്തുന്നവര്‍ക്ക് നഗരത്തിലേക്ക് വേഗത്തിലെത്താന്‍ സൗകര്യമുണ്ടാകും. 38 ചതുരശ്ര കിലോമീറ്ററിലാണ് നഗരം നിര്‍മിക്കുന്നത്. ഖത്തറിന്റെ ഭാവി രൂപീകരണത്തില്‍ നിര്‍ണായകമായ വിഷന്‍ 2030ന്റെ അടിസ്ഥാനത്തിലാണ് ലുസൈല്‍ നഗരം സ്ഥാപിക്കുന്നത്. ഇവിടെയുള്ള പ്രധാന സ്റ്റേഡിയത്തിന് 80000 കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരമെന്ന ഖ്യാതിയും ഖത്തര്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തറിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കുള്ള ഒരു പ്രത്യേകത, എല്ലാ മല്‍സരവും കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സാധിക്കുമെന്നതാണ്. കാരണം അടുത്തടുത്താണ് വേദികള്‍. ഒരു വേദിയില്‍ നിന്ന് അടുത്ത വേദിയിലേക്ക് പോകാന്‍ പ്രയാസമില്ല. റഷ്യയില്‍ മറിച്ചായിരുന്നു സ്ഥിതി. മല്‍സരം നടക്കുന്നത് 2022ലാണെങ്കിലും രണ്ട് വര്‍ഷം മുമ്പെങ്കിലും യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. അവസാന നിമിഷത്തേക്ക് ബുക്ക് ചെയ്യാന്‍ നില്‍ക്കുന്നവര്‍ പെടുമെന്ന് അര്‍ഥം. മലയാളികള്‍ ഒട്ടേറെയുള്ള ഖത്തറില്‍ നിന്ന് സന്തോഷം നല്‍കുന്ന വിവരങ്ങളാണ് വരുന്നത്.

Top