പുതിയ ക്വാറികള്‍ക്ക് അനുമതിയില്ല; കേരളത്തില്‍ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി:കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് നടപടി. ഖനനം പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തില്‍ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം ആയിരിക്കും പുതിയ അപേക്ഷകള്‍ പരിഗണിക്കുക. അതേസമയം,ഉരുൾപൊട്ടലിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന മലയോരമേഖലകളിലെ ക്വാറികളുടെ പ്രവർത്തനം വീണ്ടും തുടങ്ങാൻ നീക്കം നടക്കുകയാണ്. നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്നതിന് എവിടെയും നിരോധനമില്ല.

ജില്ലാ ഭരണകൂടത്തിന്റെ നിലപാടും ക്വാറി നടത്തിപ്പുകാർക്ക് അനുകൂലമാണ്. കഴിഞ്ഞദിവസം നടന്ന ജില്ലാ വികസനസമിതി യോഗത്തിലും നിലവിലുള്ള ക്വാറികൾ പ്രവർത്തിക്കുന്നത് തടയേണ്ടതില്ലെന്ന അഭിപ്രായമാണ് ഉയർന്നുവന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ക്വാറി ഉത്പന്നങ്ങൾ അത്യാവശ്യമാകും. തകർന്ന റോഡുകളുടെ നിർമാണം തുടങ്ങുമ്പോൾ ക്വാറികൾ അടച്ചിട്ടാൽ പണി മുടങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില ക്വാറികൾ തിങ്കളാഴ്ച തന്നെ തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. നാട്ടുകാരുടെ എതിർപ്പ് ഒഴിവാക്കാൻ പഞ്ചാത്തുതന്നെ പലയിടത്തും യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനുമുമ്പ് പാറപൊട്ടിക്കാൻ തുടങ്ങുന്നതിൽ ശക്തമായ എതിർപ്പാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കൂമ്പാറയിലെ ഒരു ക്വാറി പ്രവർത്തിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞിരുന്നു.

രണ്ടുപേരുടെ മരണത്തിനും മുപ്പതോളം വീടുകൾ തകരാനും ഇടയാക്കിയ പ്രകൃതിദുരന്തമാണ് കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലുണ്ടായത്. അമ്പതിലധികം സ്ഥലത്ത് ഉരുൾപൊട്ടുകയോ മണ്ണിടിയുകയോ ചെയ്തിട്ടുണ്ട്. ഇവ ഏറെയും കരിങ്കൽ ഖനനം നടത്തുന്ന മേഖലയിലാണ്. യാതൊരു പരിശോധനയും കൂടാതെ ക്വാറികൾ വീണ്ടും തുറന്നുകൊടുക്കുന്നതിനെതിരേയാണ് നാട്ടുകാരുടെ പ്രതിഷേധം. ക്വാറികൾ തുറക്കുന്നതിനെതിരേ നൂറുകണക്കിനാളുകൾ ഒപ്പിട്ട നിവേദനങ്ങളാണ് അധികൃതർക്ക് നൽകിയിട്ടുള്ളത്.

Top