കോഴിക്കോട്: കര്‍ണാടകയിലെ കോളേജില്‍ നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര റാഗിങിനിരയായ മലയാളി പെണ്‍കുട്ടി അശ്വതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്തത്ര നില വഷളായപ്പോഴാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഛര്‍ദിയും അനുഭവപ്പെടുന്നതായി ബോധ്യമായതിനാലാണ് കിടത്തിച്ചികിത്സ നിര്‍ദേശിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച എന്‍ഡോസ്‌കോപി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10ന് സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസിന്റെ മേല്‍നോട്ടത്തിലാണ് എന്‍ഡോസ്‌കോപി ചെയ്യുന്നത്. റാഗിങ്ങിനിടെ ക്ലീനിംഗ് ലോഷന്‍ വായിലേക്കൊഴിച്ചതുമൂലം പൊള്ളുകയും ചുരുങ്ങുകയും ചെയ്ത അന്നനാളം പൂര്‍ണമായും വികസിക്കുന്നതിന് ആറുമാസത്തോളം എന്‍ഡോസ്‌കോപി ചെയ്യേണ്ടിവരുമെന്ന് ഡോ. വര്‍ഗീസ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
റാഗിങ്ങിനിരയായി ജൂണ്‍ രണ്ടിന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശ്വതി ജൂലൈ 19നാണ് ആശുപത്രി വിട്ടത്.