നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ മതവും ജാതിയും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഹുൽ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇതിന് തെളിവായി ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കോൺഗ്രസ്.
ഛത്തീസ്ഗഡിലും മധ്യപ്രദേശിലും പതിനഞ്ച് വർഷമായി തുടരുന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് ഭരണത്തിലേറിയത്. രാജസ്ഥാനിലാകട്ടെ 2013ലേറ്റ നാണംകെട്ട തോൽവിക്ക് ശക്തമായ മറുപടി കൊടുക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി എത്തിയതിന്റെ ഒന്നാം വാർഷികത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. കോൺഗ്രസിന്റെ വിജയശിൽപ്പി രാഹുൽ ഗാന്ധിയാണെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികളും പരാതികൾക്കിട നൽകാതെ രമ്യമായി പരിഹരിക്കാൻ രാഹുലിന് സാധിച്ചു. മോദിയെ നേരിടാനുള്ള ശക്തമായ എതിരാളി രാഹുൽ തന്നെയാണെന്ന് പ്രതിപക്ഷ നിരയിൽ നിന്നും അഭിപ്രായം ഉയരുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചു എന്ന വാദവുമായാണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൃദ്ധനായ മുസ്ലീം പുരോഹിതൻ പ്രാർത്ഥിക്കുന്നത് ഭക്തിപൂർവ്വം നിൽക്കുന്ന രാഹുലിനെയാണ് വീഡിയോയിൽ കാണുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ട്. മോദിമാമ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം എഴുപതിനായിരത്തിൽ അധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നാൽപ്പതിനായിരത്തിൽ അധികം ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. 2016 സെപ്റ്റംബർ പത്താം തീയതിയിലെ ഒരു വീഡിയോ ദൃശ്യമാണ് രാഹുൽ ഗാന്ധി മതം മാറിയെന്ന വാർത്തകർക്കായി പ്രചരിപ്പിക്കുന്നത്.
ഉത്തർപ്രദേശിലെ അംബേദ്കർ നഗർ കോളനിയിൽ കിച്ചൗച്ച ഷരീഫ് ദർഗയിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളാണിത്. 2016ൽ അയോദ്ധ്യ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഹനുമാൻഗർഗ് അമ്പലവും അംബേദ്കർ നഗർ കോളനിയിലെ ഷരീഫ് ദർഗയും സന്ദർശിച്ചിരുന്നു. അന്ന് 30 മിനിറ്റോളം സമയം രാഹുൽ ഗാന്ധി ദർഗയിൽ ചിലവഴിക്കുകയും ചെയ്തു. 2 വർഷം പഴക്കമുള്ള ഈ വീഡിയോ ആണ് രാഹുസിനെതിരെയുള്ള ആയുധമാക്കാൻ രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുന്നത്.