ന്യൂഡൽഹി: ഭരണഘടന വെറും കടലാസായി മാറാതിരിക്കാൻ നീതിയും അവകാശങ്ങളും എല്ലാവർക്കും ഒരുപോലെ ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് കുടുംബവാഴ്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചതിനു പിന്നാലെയാണ് രാഹുലിൻറെ പ്രതികരണം.
കുടുംബങ്ങൾക്ക് വേണ്ടി കുടുംബങ്ങളാൽ നയിക്കപ്പെടുന്ന പാർട്ടി ജനാധിപത്യത്തിൻറെ “വലിയ ഉത്കണ്ഠ” ആണെന്നായിരുന്നു മോദി വിമർശനം. രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യ സ്വഭാവം നഷ്ടമാകുമ്പോൾ ഭരണഘടനയുടെ ആത്മാവിനാണ് മുറിവേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കുടുംബ രാഷ്ട്രീയം എന്നു പറയുമ്പോൾ, ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ രാഷ്ട്രീയത്തിൽ വരാൻ പാടില്ല എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ അനുഗ്രഹത്തോടെയും കഴിവുകളുടേയും അടിസ്ഥാനത്തിൽ ആർക്കും രാഷ്ട്രീയത്തിൽ വരാം. എന്നാൽ, തലമുറകളായി ഒരു രാഷ്ട്രീയ പാർട്ടിയെ ഒരു കുടുംബം ഭരിക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഭീഷണിയാകും’, മോദി കൂട്ടിച്ചേർത്തു.