ന്യൂദല്‍ഹി:ഞാൻ മാപ്പു പറയില്ല !! എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധിയെന്നാണ് മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയാണ് അമിത് ഷായാണ്.- ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്.രാജ്യസഭയില്‍ ബി.ജെ.പിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്. എന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും മാപ്പ് പറയില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍. രാംലീലാ മൈതാനത്ത് നടന്ന ഭാരത് ബച്ചാവോ റാലിയിലായിരുന്നു രാഹുലിന്റെ പ്രസംഗം. മോദി രാജ്യത്തെ വിഭജിക്കുകയാണെന്നും അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോര്‍ത്തു മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. മോദി ഒറ്റയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.
‘രാജ്യം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുമാണ്. പക്ഷേ അദ്ദേഹം അതു ചെയ്തിട്ടില്ല. പകരം ജനങ്ങളുടെ പോക്കറ്റില്‍ നിന്നു പണമെടുത്ത് വ്യവസായികള്‍ക്കു നല്‍കി. രണ്ടോ മൂന്നോ വ്യവസായികളാണ് ഈ പണമെല്ലാം എടുത്തത്, എല്ലാ വ്യവസായികളുമല്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അദാനിക്ക് മോദി നല്‍കിയത് 50 കരാറുകളാണ്. നിങ്ങളതിനെ മോഷണമെന്നു വിളിക്കില്ല, നിങ്ങളതിനെ അഴിമതിയെന്നു വിളിക്കില്ല. പിന്നെന്താണു വിളിക്കുക?മോദി രാജ്യത്തെ വിഭജിക്കുകയാണ്. അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോര്‍ത്തു മാത്രമാണ്. എല്ലാ ദിവസവും അദ്ദേഹം ടി.വിയിലുണ്ടാകും, മാര്‍ക്കറ്റിങ്ങിനായി.ജമ്മു കശ്മീരിലേക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും നോക്കുക, നിങ്ങള്‍ക്കു കാണാം, ആ മേഖലകള്‍ കത്തുകയാണ്. മോദി രാജ്യത്തെ വിഭജിച്ചു, ദുര്‍ബലപ്പെടുത്തി.’- രാഹുല്‍ പറഞ്ഞു.
സമ്പദ് വ്യവസ്ഥ തകര്‍ന്നതിനെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. ‘ഒമ്പതു ശതമാനത്തില്‍ രാജ്യം വളര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചൈനയുടെയും ഇന്ത്യയുടെയും വിജയത്തെക്കുറിച്ച് ആളുകള്‍ സംസാരിച്ചിരുന്നു. അവര്‍ ‘ചിന്ത്യ’ എന്നാണു വിളിച്ചിരുന്നത്. പക്ഷേ ഇന്നു നമ്മളെ നോക്കുക. കൈയില്‍ ഉള്ളിയുമായാണ് ആളുകള്‍ നില്‍ക്കുന്നത്.ഇന്ന് ജി.ഡി.പി വളര്‍ച്ച നാലു ശതമാനമാണ്. ജി.ഡി.പി കണക്കാക്കാനുള്ള രീതി ബി.ജെ.പി മാറ്റിയതിനു ശേഷവും. പഴയ രീതിയിലായിരുന്നു കണക്കാക്കുന്നതെങ്കില്‍ ഇത് വെറും 2.5 ശതമാനത്തിലെത്തിയേനെ.ഇന്ത്യയുടെ ശത്രുക്കള്‍ക്കു നമ്മുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കണമെന്നുണ്ട്. അവര്‍ക്കതു ചെയ്യാന്‍ സാധിച്ചിട്ടില്ല. പക്ഷേ, മോദി ഒറ്റയ്ക്ക് അതു ചെയ്തു.