രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും തിരിച്ചടി, കോണ്‍ഗ്രസുമായി സഖ്യമില്ല, പശ്ചിമബംഗാളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാന‍ർജി

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്വന്തം നിലയിൽ മത്സരിക്കുമെന്നാണ് മമത ബാനർജിയുടെ നിലപാട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രം ഇൻഡ്യ മുന്നണി ഉൾപ്പെടെയുള്ള അഖിലേന്ത്യാ സഖ്യം പരിഗണിക്കുകയുള്ളുവെന്നും മമത ബുധനാഴ്ച പ്രഖ്യാപിച്ചു. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ ഫലം കണ്ടില്ലെന്നും താൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ കോൺഗ്രസ് തളളിയെന്നും മമത പറഞ്ഞു. ‘കോൺഗ്രസുമായി ഒരു ബന്ധവുമില്ല. ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാ തലത്തിലുള്ള ധാരണ തീരുമാനിക്കും’, എന്നായിരുന്നു മമതയുടെ നിലപാട്.

തൃണമൂല്‍ മതേതര പാര്‍ട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും.തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത് . ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല.രാഹുലിന്‍റെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്.ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു.ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല.തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗം തന്നെയെന്നും മമത ബാനര്‍ജി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്സഭയിലെ കോൺഗ്രസ് നേതാവും ബംഗാൾ കോൺഗ്രസിൻ്റെ അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി രംഗത്ത് വന്നിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അവസരവാദി എന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വിശേഷിപ്പിച്ചത്. കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് എങ്ങനെ മത്സരിക്കണമെന്ന് അറിയാമെന്നും അധിർരഞ്ജൻ വ്യക്തമാക്കിയിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജി അധികാരത്തിൽ വന്നത് കോൺഗ്രസിന്റെ കാരുണ്യത്താലാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു.

‘ഇത്തവണ മമത ബാനർജിയുടെ കാരുണ്യത്തിലല്ല തിരഞ്ഞെടുപ്പിനെ നേരിടുക. മമത ബാനർജി വിട്ടുനൽകുന്ന രണ്ട് സീറ്റുകളിൽ നേരത്തെ ബിജെപിയെയും തൃണമൂൽ കോൺഗ്രസ്സിനെയും പരാജയപ്പെടുത്തിയതാണ്. തെരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കണമെന്ന് കോൺഗ്രസിന് അറിയാം. മമത ബാനർജി അവസരവാദിയാണ്. 2011ൽ അവർ അധികാരത്തിൽ വന്നത് കോൺഗ്രസിൻ്റെ കാരുണ്യത്തോടെയാണ്’, എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ അധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.

അധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധമാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചര്‍ച്ചയുടെ ഫലങ്ങള്‍ പുറത്തുവരും, അതിനെക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാല്‍ മമത ബാനര്‍ജി തന്നോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും വളരെ അടുപ്പമുള്ളയാളാണെന്നായിരുന്നു രാഹുലിൻ്റെ വിശദീകരണം. ‘അതെ, കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരസ്പരം വിമര്‍ശിക്കും. അതൊക്കെ സ്വാഭാവികമാണ്. അതൊന്നും ഇരു പാര്‍ട്ടികളുടെയും ഭിന്നിപ്പിലേക്ക് പോകില്ല.’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ നിലപാട് തള്ളിക്കൊണ്ടാണ് ബംഗാളിൽ സഖ്യമില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചിരിക്കുന്നത്.

Top