ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെയും അതിർത്തിയിലെ ജവാന്മാരുടെ വീരമൃത്യുവിന്‍റെയും പശ്ചാത്തലത്തിൽ ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് മുൻ അധ്യക്ഷന്‍റെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന-ജില്ലാ യൂണിറ്റുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇരുപത് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇതിനൊപ്പം കോവിഡ് പ്രതിസന്ധിയും രാജ്യത്തെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഒരു ആഘോഷവും പാടില്ലെന്ന് എല്ലാ യൂണിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം വിവിധ യൂണിറ്റുകളോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആഘോഷങ്ങള്‍ക്ക് പകരം പ്രതിസന്ധി കാലഘട്ടത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് നിർദേശം.
ഭക്ഷണകിറ്റുകൾ വിതരണം ചെയ്തും കമ്മ്യൂണിറ്റി കിച്ചൺ വഴി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിയും ഈ ബുദ്ധിമുട്ടിന്‍റെ കാലഘട്ടത്തിൽ വേദന അനുഭവിക്കുന്നവർക്കൊപ്പം നില്‍ക്കണം. ഇതിന് പുറമെ ജന്മനാടിന് വേണ്ടി ജീവൻ ബലി നൽകിയ സൈനികരുടെ ഓർമ്മയ്ക്കായി എല്ലാ യൂണിറ്റുകളും രണ്ട് മിനിറ്റ് നേരം മൗനപ്രാർഥന നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനമായ ഇന്ന് കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം മഹാമാരിയിൽ കഷ്ടപ്പെടുന്നവർക്ക് ധനസഹായവും എത്തിക്കും.
രാജ്യം പ്രതിസന്ധികളെ നേരിടുകയും ഭരണകൂടം ഉത്തരവാദിത്തം നിറവേറ്റാതെ വരികയും ചെയ്യുമ്പോൾ രാഹുൽ തുടർച്ചയായി ചോദ്യങ്ങൾ ഉയർത്തുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതൃത്വം ഭയക്കുന്നതും ഈ ചോദ്യങ്ങളെയാണ്. അതുകൊണ്ടു തന്നെ പല ഘട്ടങ്ങളിലും ബിജെപി നേതാക്കളുടെ കടന്നാക്രമണങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിലും തന്‍റെ നിലപാടുകളിൽ നിന്ന് പിന്നോട്ടു പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ഏറ്റവുമൊടുവില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോഴും രാജ്യത്ത് കൊവിഡിന്റേയും ലോക്ഡൗണിന്റേയും കുടിയേറ്റ തൊഴിലാളികളുടേയും ദുരിതങ്ങളില്‍ നടപടികളെടുക്കാതെ മോദിയും കേന്ദ്രസര്‍ക്കാരും പിന്‍വലിഞ്ഞപ്പോഴും ദിവസേന ട്വീറ്റുകളും അഭിമുഖങ്ങളുമായി കര്‍മ്മമേഖലയില്‍ അദ്ദേഹം സജീവമായി. കൊവിഡ് 19 രാജ്യത്ത് വന്നാലുള്ള ദുരിതത്തെ കുറിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ആദ്യം മുന്നറിയിപ്പ് നല്‍കി. പാത്രം കൊട്ടുന്നതും പൂവിതറുന്നതുമടക്കമുള്ള നാടകീയ പ്രഖ്യാപനങ്ങള്‍ നടത്താതെ ടെസ്റ്റുകളെ കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെ കുറിച്ചും സംസാരിച്ചു. വിദഗ്ധരുടെ വാക്കുകള്‍ കേട്ടു. അവര്‍ക്ക് പറയാന്‍ അവസരം നല്‍കി.
എതിരാള്‍ക്കെതിരെ പോരാടുമ്പോഴും രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമാകാനും രാഹുല്‍ ഗാന്ധിക്കായി. അതിഥി തൊഴിലാളികളുടെ ഉള്‍പ്പെടെ ദുരിതം കേട്ടറിയാന്‍ അവർക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. അവരുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരം കണ്ടെത്താനും അദ്ദേഹം ശ്രമിച്ചു. ഒന്നുറപ്പാണ് രാഹുല്‍ ഗാന്ധിയിലാണ് ഇന്ത്യയിലെ ജനങ്ങള്‍ നാളെയുടെ പ്രതീക്ഷയെ അര്‍പ്പിക്കുന്നത്. രാജ്യത്തെ നാനാ തുറകളിൽ നിന്നുള്ളവരേയും കോര്‍ത്തിണക്കി ഒരു പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള പടയോട്ടത്തിലാണ് അദ്ദേഹം.