കണ്ണൂർ :വയനാട്ടിൽ രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയേക്കും.രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തുമെന്നാണ് സൂചന . കല്പറ്റയിലേക്ക് റോഡ് ഷോ നടത്തിയ ശേഷമാകും പത്രിക സമർപ്പണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിക്ക് പുറമെ മത്സരിക്കുന്ന മണ്ഡലമായ വായനാട്ടിൽ പത്രിക സമർപ്പണത്തിനായി ബുധാനാഴ്ച എത്തിയേക്കും. നാളെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമാകും കേരളത്തിലേക്ക് തിരിക്കുക.സംഘടനകാര്യ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരും വയനാട്ടിൽ എത്തും.
പത്രിക സമർപ്പിക്കാൻ നാലാം തിയതി വരെ സമയമുള്ളതിനാൽ വ്യഴാഴ്ചയിലേക്കും രാഹുലിന്റെ വരവ് നീളാം. റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമർപ്പണത്തിന് രാഹുൽ എത്തുക. എന്നാൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എസ് പി ജി സുരക്ഷയുള്ള നേതാവയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രത്യേക സുരക്ഷ തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം. മുൻ കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാൽ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കാൻ പൊലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധർവേസ് സാഹിബ് പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ പുൽവാമയിൽ കൊല്ലപ്പെട്ട സിഐഎസ്എഫ് ജവാൻ വസന്ത് കുമാറിന്‍റെ വീട് സന്ദർശിക്കാൻ സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിയ്ക്ക് അനുമതി നൽകിയിരുന്നില്ല. പക്ഷെ, സ്ഥാനാർത്ഥിയായി രാഹുൽ മണ്ഡലത്തിലെത്തുമ്പോള്‍ എല്ലാ ഭീഷണിയെയും മറികടക്കാനുള്ള പ്രത്യേക പദ്ധതി തന്നെ പൊലീസിന് തയ്യാറാക്കേണ്ടിവരും.രാഹുലിന് എസ്പിജി സുരക്ഷ നൽകുന്നുണ്ട്. അതിന് പുറമെയാണ് പൊലീസിന്‍റെ സുരക്ഷാ ക്രമീകരണം.
രാഹുലിന്‍റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങൾ, വോട്ടഭ്യർത്ഥിക്കാനെത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. ജില്ലാ എസ്പിക്ക് പുറമെ കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാഹുലിൻറെ പര്യടന വേളയിൽ നിയോഗിക്കേണ്ടി വരും.പലപ്പോഴും സുരക്ഷാ വലയം ഭേദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്ന പതിവ് രാഹുലിനുണ്ട്. സ്ഥാനാർത്ഥിയാകുന്നതോടെ ഇത്തരം വോട്ടഭ്യർത്ഥനയുടെ ശൈലി പൊലീസിന് മുന്നിലെ വെല്ലുവിളിയാകും.വയനാട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് പ്രചാരണ ചുമതല.