ന്യുഡൽഹി :: പ്രധാനമന്ത്രി മോദിയുടെ പ്രഭ മങ്ങുന്നതും ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ദിനം പ്രതി കൂടുന്നതും കണ്ട് ബിജെപി ഭയപ്പാടിൽ .ഗുജറാത്ത് അധികാരം കുത്തകയാക്കി മാറ്റിയ ബിജെപിയെ മലർത്തിയടിച്ച് അധികാരം നേടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇറങ്ങിത്തിരിച്ച കോൺഗ്രസിന്റെ തന്ത്രങ്ങൾ വിജയിക്കുമെന്ന സൂചനകളാണിപ്പോൾ പുറത്ത് വരുന്നത് . സംസ്ഥാനത്തെ ബിജെപി സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന സമുദായങ്ങളെയും സമൂഹങ്ങളെയും ഒപ്പം നിർത്തി മുന്നേറാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് പയറ്റുന്നത്. ഈ തന്ത്രങ്ങൾ ഒരു പരിധി വരെ വിജയം കാണുന്ന സ്ഥിതിവിശേഷവുമുണ്ട്. ആദ്യം കോൺഗ്രസിനോട് അകലം പാലിച്ചു നിന്ന പട്ടേൽ സമുദായം രാഹുൽ ഗാന്ധിയുട നയതന്ത്രഫലമായി കോൺഗ്രസിനോട് അടുക്കുന്നു എന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.ഗുജറാത്തിനെ വിറപ്പിച്ച പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതാണ് ഇന്നുണ്ടായ സുപ്രധാന രാഷ്ട്രീയ നീക്കം. നിർണായകമായ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പ്രബലമായ സമുദായത്തെ ഒപ്പം നിർത്താൻ സാധിച്ചത് വലിയ നേട്ടമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഹാർദ്ദിക് പട്ടേൽ നയം വ്യക്തമാക്കിയതോടെ ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി. ഉയർത്തിക്കാട്ടാൻ മോദിയെന്ന നേതാവിന് അപ്പുറത്തേക്ക് ആരും ഗുജറാത്തിൽ നിന്നുമില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ പട്ടേൽ സമുദായത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി നരേന്ദ്ര മോദി രംഗത്തെത്തി.
ഡിസംബർ 9, 14 തീയതികളിൽ രണ്ടുഘട്ടമായി വോട്ടെടുപ്പ് നടക്കുന്നഗുജറാത്തിൽ നിർണായക നീക്കങ്ങളാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. സംവരണസമരം നയിക്കുന്ന ഹാർദിക് പട്ടേൽ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസിന് പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ഹാർദിക് പ്രഖ്യാപിച്ചത്. പട്ടേൽ സമുദായത്തിന് ഒബിസി സംവരണം അടക്കമുള്ള അഞ്ച് ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചതായാണ് സൂചന. ഇതോടെ പട്ടേൽ സമുദായ നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. പട്ടേൽ സമുദായത്തിൽനിന്നും കൂടുതൽ പേർക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയേക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായി ഗുജറാത്തിൽ എത്തുന്ന മോദി അക്ഷർദാം ക്ഷേത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ ദക്ഷിണ ഗുജറാത്തിലെ റാലി നാളെ സൂറത്തിൽ സമാപിക്കും. അതിനിടെ കോൺഗ്രിൽ ചേരില്ലെന്നു വ്യക്തമാക്കിയ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പക്ഷെ രാഹുൽ ഗാന്ധിയുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയേക്കുമെന്ന സൂചന നൽകി.
രാഹുൽഗാന്ധിയുടെ ഗുജറാത്ത് റാലികൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നൽകുന്നതാണ്. മോദിയെയും ബിജെപി സർക്കാറിനെയും നേരിട്ട് ആക്രമിച്ചാണ് രാഹുൽ ഗാന്ധിയുടെ റാലികൾ കടന്നു പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി നിരന്തരം വാർത്തകളിൽ നിറയുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം നിലപാട് മാറ്റി രാഹുലിനെ പിന്തുണക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്.നിരന്തരമായി മോദിയെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യം നൽകുന്നു. ഇന്ന് ടൈംസ് ഓഫ് ഇന്ത്യ നിരീക്ഷിച്ചതുപോലെ കോൺഗ്രസ് തിരിച്ച് വരികയും രാഹുൽ അതിന് വഴിമരുന്ന് ഇടുകയുമാണ്. ബിജെപിയുടെ ഉരുക്ക് കോട്ടകളിൽ പോലും രാഹുലിന് ലഭിക്കുന്ന സ്വീകരണമാണ് ഇതിന് തെളിവ്. കഴിഞ്ഞ ദിവസം റാലിക്കിടെ രാഹുലിനൊപ്പം ഫോട്ടെയുടുക്കാൻ ആരാധിക എത്തിയതും സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾ ഉണ്ടാക്കി.
സുരക്ഷാഭടന്മാരുണ്ടായിരുന്നെങ്കിലും ആരും ആരാധികയെ തടഞ്ഞില്ല എന്നുമാത്രമല്ല അവരെ കയറാനും ഇറങ്ങാനും സഹായിക്കുകയും ചെയ്തു. ഇതിൻ വീഡിയോ എഎൻഐ ആണ് പങ്കുവച്ചിരിക്കുന്നത്. രാഹുൽ കള്ളപ്പണത്തേപ്പറ്റിയും മോദിയുടെ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരത്തേപ്പറ്റിയും സംസാരിച്ചുകൊണ്ടാണ് മുന്നേറുന്നത്. മൂന്നുവർഷത്തെ മോദിയുടെ ഭരണത്തിനിടയിൽ പിടികൂടി ജയിലിലടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേര് പറയാമോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.ഗുജറാത്തിലെ ബരൂജിൽ ജനങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി സ്വിസ് ബാങ്കിനേക്കുറിച്ചും കള്ളപ്പണത്തേക്കുഫിച്ചും മോദി സംസാരിക്കുന്നത് എടുത്തുപറഞ്ഞു. കള്ളപ്പണം തിരികെ കൊണ്ടുവരാൻ മോദി എന്താണ് ചെയ്യുന്നത്? വിജയ് മല്യയെ നോക്കൂ. അദ്ദേഹം ലണ്ടനിൽ അടിച്ചുപൊളിക്കുകയാണ്, മോദി എന്താണ് ചെയ്തത്? രാഹുൽ ചോദിക്കുന്നു. എല്ലാ പണവും കള്ളപ്പണമല്ല എന്ന കാര്യം മോദിക്ക് ബോധ്യമില്ല. ഒളിപ്പിച്ച് വയ്ക്കപ്പെട്ടവയാണ് കള്ളപ്പണം. മോദി അധികാരത്തിലെത്തിയിട്ട് മൂന്നുവർഷമായല്ലോ, എന്നാൽ എത്ര കള്ളപ്പണക്കാരെ ജയിലിലിട്ടിട്ടുണ്ടെന്നും രാഹുൽ ചോദ്യമുന്നയിച്ചു. ഇങ്ങനെ കുറിക്കു കൊള്ളുന്ന പ്രസംഗവുമായാണ് രാഹുൽ മുന്നേറുന്നത്.
ഇതിനിടെ പട്ടേൽ സമുദായം അടുത്തതോടെ ദളിത്, മുസ്ലിം വോട്ടുകളും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഗുജറാത്തിലെ ദലിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേശ് മേവാനിയും കോൺഗ്രസിലേക്കില്ലെന്നു അറിയിച്ചിരുന്നു. എങ്കിലും ബിജെപിയെ താഴെയിറക്കാൻ പ്രവർത്തിക്കും എന്നത് കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകുന്നുണ്ട്. ഗുജറാത്തിൽ സംസ്ഥാനമങ്ങോളമിങ്ങോളം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി യാത്രകൾ നടത്തുന്നുണ്ട്. രാഹുലിന്റെ പരിപാടികൾക്ക് ആളുകൾ കൂടുന്നതും ബിജെപിയെ ആശങ്കയിലാഴ്‌ത്തുന്നു. മറുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സംസ്ഥാനത്തെത്തി തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിക്കുമെന്നത് ഉറപ്പാണ്. പാർട്ടി ദേശീയ സെക്രട്ടറി അമിത് ഷായും സംസ്ഥാനത്തു ക്യാംപ് ചെയ്തു പ്രവർത്തനം നടത്തുന്നു. ഇരുകൂട്ടർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണു ഗുജറാത്ത് തിരഞ്ഞെടുപ്പ്.
അതേസമയം ബിജെപിക്കൊപ്പം ചേരാതെ ഗുജറാത്തിലെ 25 സീറ്റുകളിൽ തനിച്ച് മൽസരിക്കാൻ ശിവസേന തീരുമാനിച്ചതും എൻഡിഎയിലെ വിള്ളലിന്റെ ആഴം കൂട്ടുന്നതായി. ഗുജറാത്തിലെ 25സീറ്റുകളിൽ മൽസരിക്കാനും, ഹാർദിക്പട്ടേലിന്റെ നിലപാടുകളെ പിന്തുണയ്ക്കാനുമാണ് ശിവസേനയുടെ തീരുമാനം. ഇതുവരെ ബിജെപിയെ പിന്തുണച്ചിരുന്ന സേനയാണ് ഇത്തവണ നിലപാടുമാറ്റിയത്. സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും ബിജെപിവോട്ടുകൾ വിഘടിക്കാൻ ഇത് കാരണമായേക്കും. അടുത്ത ഒരുമാസത്തിനുള്ളിൽ, മോദി പങ്കെടുക്കുന്ന അൻപത് മഹാറാലികളാണ് ബിജെപി ലക്ഷ്യമിടുന്നത്. എല്ലാറാലിയുടെയും ദൃശ്യങ്ങൾ സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും തൽസമയംകാണിക്കാനും പാർട്ടിപദ്ധതിയുണ്ട്. കോൺഗ്രസും പ്രചരണ തന്ത്രങ്ങളിൽ പിന്നോക്കം പോകാൻ ഉദ്ദേശിക്കുന്നില്ല, രാഹുൽ തന്നെയാകും ഗുജറാത്തിലെ ചീഫ് കാമ്പയിനർ എന്നകാര്യം ഉറപ്പാണ്.