ന്യുഡൽഹി:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങളും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രതിപക്ഷത്തെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളെ പെഗാസസ് പ്രത്യേകം ലക്ഷ്യം വെച്ചിരുന്നതായിട്ടാണ് വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാക്കളുടെ നിരയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാര്‍ഡിയന്‍’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജി എന്നിവരും ഫോണ്‍ ചോര്‍ത്തലിന് വിധേയരായതായി കണ്ടെത്തിയിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ഉപയോഗിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
പെഗാസസ് എന്ന ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. അസമയം മാധ്യമവാര്‍ത്തകള്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സര്‍ക്കാര്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. ജനാധിപത്യ സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ഫോൺ ചോർത്തൽ വിവാദത്തിനു പുറമേ കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ച, ഇന്ധന വില വർധനവ് എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് ഒടുവില്‍ ലോക് സഭയും രാജ്യസഭയും നിർത്തിവെക്കേണ്ടി വന്നു. ലോക്സഭയിൽ പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു.
പുതുതായി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം ലോക്സഭയിൽ ബഹളം ആരംഭിച്ചത്. പിന്നാലെ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്ന മോദിയുടെ പ്രസംഗം നിർത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷ നടപടിയെ സഭാ അധ്യക്ഷനായ സ്‌പീക്കർ ഓം ബിർളയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിമർശിച്ചു. എന്നാല്‍ പ്രതിഷേധം തണുപ്പിക്കാന്‍ തയ്യാറാകാതിരുന്ന പ്രതിപക്ഷ നടപടിയെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെക്കേണ്ടി വന്നു. അതേസമയം ക്രിയാത്മക ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകേണ്ടതുണ്ടെന്നും കൃത്യവും ബുദ്ധിമുട്ടേറിയതുമായ എല്ലാ ചോദ്യങ്ങളും സഭയിൽ ഉന്നയിക്കാമെന്നും പ്രധാന മന്ത്രി പറഞ്ഞു. സർക്കാരിന് അതിനെല്ലാം മറുപടി പറയാനുള്ള അവസരം നൽകണമെന്നും മോദി ആവശ്യപ്പെട്ടു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലുമാണ് അടിയന്ത പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ‘പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്ട്‍വെയർ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഇത് ഞെട്ടിക്കുന്നതാണ്. കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ഭരണകൂടം അറിയാതെ ചോർത്തുക എളുപ്പമാണോ? ഈ വിഷയത്തിലെ അട്ടിമറി സാധ്യതകൾ ഗൗരവമേറിയതാണ്. ഭരണകൂടത്തിന് താല്പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകരുടെ ഫോണുകളാണ് ചോർത്തപ്പെട്ടത് എന്ന കാര്യം രാജ്യത്തിൻറെ അഖണ്ഡതയുടെയും ജനാധിപത്യത്തിന്‍റെയും പാരമ്പര്യത്തിന് നിരക്കാത്തതാണ്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ ഈ സർക്കാരിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്ന് വ്യക്തമാക്കണം.’ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തിര പ്രമേയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാജ്യത്ത് തുടരുന്ന കർഷക സമരം, ദിനംപ്രതിയുള്ള ഇന്ധന വിലവർധനവ്, കോവിഡ് പ്രതിരോധ രംഗത്തെ പാളിച്ച, ഫാദര്‍ സ്റ്റാൻ സ്വാമിയുടെ മരണം തുടങ്ങിയ വിഷയങ്ങൾ സജീവമാക്കി നിര്‍ത്തി വർഷകാല സമ്മേളനത്തിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷ തീരുമാനം. പെട്രോൾ ഡീസൽ വില വർദ്ധന ജനങ്ങളെ വളരെയധികം ദുരിതത്തിലാക്കുന്നതാണെന്നും ഉടനടി സഭ ഈ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. ഇന്ധന വിലവർധനവും പാചകവാതക വിലവർധനവും നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.Pegasus Project can confirm that at least two mobile phone accounts used by Congress leader Rahul Gandhi were among 300 verified Indian numbers listed as potential targets by an official Indian client of the Israeli surveillance technology vendor