ദില്ലി: പൊലീസ് വിലക്ക് ലംഘിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലേക്ക് നടന്ന് പോകാൻ ഒരുങ്ങി രാഹുൽ ഗാന്ധി എംപി. നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, എഐസിസി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഡൽഹി പൊലീസ്. കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ. എ.ഐ.സി.സി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു.
ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് പ്രകടനമായി പ്രവർത്തകർക്കൊപ്പം നടന്ന് പോകാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നത്. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ദില്ലി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
നിലവിൽ റാലിയായി എല്ലാ വിലക്കുകളും ലംഘിച്ച് രാഹുൽ ഗാന്ധി നടന്ന് പ്രവർത്തകർക്കൊപ്പം ഇഡി ഓഫീസിലേക്ക് നടക്കുകയാണ്. കെ സി വേണുഗോപാൽ, പി ചിദംബരം എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ട്. സ്ഥലത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കടുത്ത നിയന്ത്രണമുണ്ടായിട്ടും നിരവധി പ്രവർത്തകരാണ് രാഹുലിനൊപ്പം നടക്കുന്നത്. ഇവരിൽ പലരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. പ്രവർത്തകരെ കൊണ്ടുപോകാൻ സ്ഥലത്തേക്ക് കൂടുതൽ ബസ്സുകളും ദില്ലി പൊലീസ് എത്തിക്കുന്നുണ്ട്.
ഇന്ന് രാവിലെ തന്നെ രാഹുൽ ഗാന്ധിയുടെ വസതിയ്ക്ക് മുന്നിലേക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകരെ ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമായി. പ്രദേശത്ത് ചെറിയ തോതിൽ ലാത്തിച്ചാർജും ഉണ്ടായി. എഐസിസി ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള രാഹുലിന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. രാവിലെ നാടകീയരംഗങ്ങളാണ് എഐസിസി ആസ്ഥാനത്തിന് മുന്നിലും ഇഡി ഓഫീസിന് മുന്നിലും അരങ്ങേറുന്നത്. രാവിലെ ഇഡി ആസ്ഥാനത്തിന് മുന്നിലെത്തിയ മുൻ കോൺഗ്രസ് എംപി ഉദിത് രാജിനെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.
ഇഡി ആസ്ഥാനത്തിന് മുന്നിലും വലിയ പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, ഇതിനിടെ ഇഡി ഓഫീസിന് മുന്നിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയെ പിടിച്ച് തള്ളി പൊലീസ്. പൊലീസും എംപിയും തമ്മിൽ വാക്കുതർക്കവുമുണ്ടായി.