ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ദില്ലിയിൽ നിന്നും കർണാടകത്തിലേക്ക് സഞ്ചരിച്ച വിമാനത്തിൽ അസ്വഭാവിക സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി കോൺഗ്രസിന്റെ പരാതി. കർണാടകത്തിലേക്ക് ഹൂബ്ലിയിലേക്ക് പ്രത്യേക വിമാനത്തിൽ മറ്റു നാല് പേർക്കൊപ്പമായിരുന്നു രാഹുൽ സഞ്ചരിച്ചത്. എന്നാൽ യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് അസാധാരണമായ ശബ്ദവും കുലുക്കവും അനുഭപ്പെട്ടെന്നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് പറയുന്നത്.
രാഹുൽ ഗാന്ധിയും മറ്റു നാലു പേരും കയറിയ പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വ്യാഴാഴ്ച രാവിലെയാണു പുറപ്പെട്ടത്. കൗശികും വിമാനത്തിലുണ്ടായിരുന്നു. എന്നാൽ പിന്നീട് വിമാനത്തിന്, ഇതേവരെ അധികൃതർക്കു “നിർവചിക്കാൻ കഴിയാത്ത തകരാർ’ സംഭവിക്കുകയായിരുന്നെന്ന് കൗശികിന്‍റെ പരാതിയിൽ പറയുന്നു. വിമാനം ഇളകുകയും ഒരു വശത്തേക്കു ചെരിയുകയും ചെയ്തതായും ഇത് അപൂർവ സാഹചര്യമാണെന്നു ജീവനക്കാർ തന്നെ പറഞ്ഞതായും പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്തിന്‍റെ പൈലറ്റിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണെന്നാണു സൂചന. ഹൂബ്ളി വിമാനത്താവള അധികൃതർ ഇത് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണു രാഹുൽ കർണാടകയിലെത്തിയത്.
ഹുബ്ലി വിമാനത്താവളത്തിൽ മൂന്നാമത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാന്റ് ചെയ്യാൻ സാധിച്ചത്. വിമാനത്തിന്റെ അസ്വാഭാവിക കുലുക്കത്തെ തുടർന്ന് രാഹുലിന്റെ സഹായി കർണാടക ഡിജിപിക്കും ദില്ലി പോലീസിനും പരാതി നൽകി. സംഭവത്തിൽ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. വൈകുന്നേരം ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും രാഹുലിനെ ടെലിഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.