അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. അതേസമയം അമേഠി ലോക്സഭാ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ഏഴു ഘട്ടമായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തില്‍ മെയ് 20ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളു. ഇതുവരെയും കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളിൽ മത്സരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കൻ ശ്രമിച്ചിരുന്നെന്ന് പാർട്ടി പ്രവർത്തകൻ പറഞ്ഞതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ രാത്രി റായ്ബറേലിയിൽ നിൽക്കാൻ രാഹുൽ ഗാന്ധി സമ്മതിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് തീരുമാനം മാറ്റി. കുടുംബാംഗങ്ങളാരും ഈ സീറ്റുകളിൽ മത്സരിക്കാൻ രാഹുൽ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊ നേതാവ് പറഞ്ഞു.വയനാട്ടിൽ തുടരാനാണ് രാഹുൽ താൽപ്പര്യപ്പെടുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നു. അഞ്ചാം ഘട്ടമായി മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്.