തിരുവനന്തപുരം: വയനാട് സീറ്റില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നെന്ന വാര്‍ത്ത പുറത്ത് വിട്ടത് തന്നെ കേന്ദ്ര നേതാക്കളുടെ നീരസത്തിന് കാരണമായിരിക്കുകയാണ്. യുഡിഎഫില്‍ രൂപപ്പെട്ടിരുന്ന ഐക്യത്തില്‍ ഈ പ്രഖ്യാപനം വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.
രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉമ്മന്‍ ചാണ്ടിയാണ് അനാവശ്യമായി കൊണ്ടുവന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വാദം. നേരത്തെ വയനാട് സീറ്റിന്റെ പേരില്‍ കടുംപിടിത്തം പിടിച്ച അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായിരുന്ന മേല്‍ക്കൈ ഉമ്മന്‍ ചാണ്ടി കാരണം നഷ്ടമായെന്ന് ഐ ഗ്രൂപ്പും വാദിക്കുന്നു. അതേസമയം രാഹുല്‍ വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ്.
വയനാട്ടില്‍ ടി സിദ്ദിഖിന് സീറ്റ് ഉറപ്പിച്ച് കൊടുത്തായിരുന്നു ഉമ്മന്‍ ചാണ്ടി കേരളത്തില്‍ മടങ്ങിയെത്തിയത്. ഇതിന്റെ പേരില്‍ ഐ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയുമായി ഇടഞ്ഞിരുന്നു. ഇതിനിടയില്‍ പത്തനംതിട്ടയില്‍ ജാമ്യമെടുക്കാന്‍ എത്തിയിരുന്നു ഉമ്മന്‍ ചാണ്ടി. അതിനിടയിലാണ് അദ്ദേഹം രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രഖ്യാപിച്ചത്. ഒരു സര്‍പ്രൈസ് പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു പ്രഖ്യാപനം.
ഉമ്മന്‍ ചാണ്ടിയുടെ നടപടി അനവസരത്തിലുള്ളതാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് ഈ വിവരം നല്‍കിയത് ആരോട് ചോദിച്ചിട്ടാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല. ദേശീയ നേതാക്കള്‍ ഈ വിവരം നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അനുവാദം നല്‍കിയിരുന്നോ എന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം അമര്‍ഷം പുകയുകയാണ്.
രാഹുലിന് മുന്നില്‍ ഇക്കാര്യം സംസ്ഥാന സമിതിയിലെ നേതാക്കള്‍ ഉന്നയിച്ചേക്കും. അനാവശ്യമായി കോണ്‍ഗ്രസ് അധ്യക്ഷനെ തന്നെ വിവാദത്തിലേക്ക് കേരള ഘടകം വലിച്ചിഴച്ചെന്ന് നേതാക്കള്‍ക്കിടയില്‍ തോന്നലുണ്ട്. ഉമ്മന്‍ ചാണ്ടിയോട് ഇക്കാര്യം പരസ്യമായി പറയാന്‍ ചില നേതാക്കള്‍ താല്‍പര്യമില്ല. എന്നാല്‍ അദ്ദേഹത്തെ നടപടിയുടെ ഗൗരവം ബോധ്യപ്പെടുത്തണമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് ആവശ്യപ്പെടുന്നുണ്ട്
ദേശീയ സമിതിയില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന സമിതി നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തിലെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. രാഹുലിന് വയനാട് സീറ്റ് നല്‍കിയാല്‍ അത് ഏതൊക്കെ ജില്ലകളില്‍ ഗുണകരമാകുമെന്ന കാര്യം പരിശോധിച്ച് വരികയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയത് നേതാക്കളെ ഞെട്ടിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചപ്പോഴാണ് രാഹുല്‍ മത്സരിക്കുമെന്ന കാര്യം അറിഞ്ഞത്. ഇതോടെ ചെന്നിത്തലയ്ക്ക് ഇത് ആവര്‍ത്തിക്കേണ്ടി വന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇത് തന്നെ പറയേണ്ടി വന്നു. ഇതോടെ ദേശീയ തലത്തില്‍ വരെ ഇക്കാര്യം ചര്‍ച്ചയായി. തുടര്‍ന്ന് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന വിവരം വന്നതോടെ കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം ആശയക്കുഴപ്പത്തിലായി. ഇത് ഗ്രൂപ്പിസം കോണ്‍ഗ്രസില്‍ ശക്തമായെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കിയെന്നാണ് നേതാക്കള്‍ പറയുന്നത്.
വയനാട് ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നൊഴിവാക്കിയത് രാഹുലിന് വഴിയൊരുക്കാനായിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാവാതെയിരിക്കാനാണ് മറ്റ് ചില സീറ്റുകളും കൂടി ആദ്യ ഘട്ടത്തില്‍ ഒഴിച്ചിട്ടത്. അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിച്ച് വിജയിച്ചാല്‍ തിരഞ്ഞെടുപ്പിന് ശേഷം അമേത്തി ഒഴിയുകയും, വയനാട് നിലനിര്‍ത്തുകയും ചെയ്യും.
ബിജെപിക്കെതിരെ യോജിച്ച പോരാട്ടം എന്നതാണ് കോണ്‍ഗ്രസിന്റെ നയം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അനവസരത്തിലുള്ള പ്രഖ്യാപനം സിപിഎമ്മിനെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന തോന്നലുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്. സിപിഎമ്മും ബിജെപിയും ഒരേപോലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. ഉമ്മന്‍ ചാണ്ടി കാരണം യുഡിഎഫിലുണ്ടായ വിള്ളല്‍ അദ്ദേഹം തന്നെ പരിഹരിക്കണമെന്നാണ് നിര്‍ദേശം. ഭൂരിഭാഗം നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ നടപടി ശരിയായില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.