കണ്ണൂർ: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ ന്ന് 50 ലക്ഷം രൂപ കണ്ടെത്തിഅനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്സ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യും. എം എൽ എയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂരിലെ ചാലാടുള്ള കെ എം ഷാജിയുടെ വീട്ടിൽ നിന്നാണ് അരക്കോടി രൂപ കണ്ടെത്തിയത്. അതേസമയം, കെ എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോടുമുള്ള വീടുകളിൽ നടക്കുന്ന റെയ്ഡ് 12 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.
വിജിലൻസ് പരിശോധന 12 മണിക്കൂർ കഴിയുമ്പോഴാണ് കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തു വരുന്നത്. എന്നാൽ, എവിടെ നിന്നാണ് പണം കണ്ടെത്തിയത്.എവിടെയാണ് പണം സൂക്ഷിച്ചിരുന്നത് എന്നീ കാര്യങ്ങൾ ലഭിക്കേണ്ടതുണ്ട്. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്.
കെ എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി വരികയായിരുന്നു. ഇന്നു രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. ഭാര്യ ആശയുടെ പേരിലാണ് അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്. നേരത്തെ കെ എം ഷാജിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.
എന്‍ഫോഴ്സ്മെന്റ് സംഘം അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എം എൽ എയുടെ ഭാര്യയുടെ മൊഴി കഴിഞ്ഞ നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെ ഭാര്യ ആശയെ കോഴിക്കോട്ടെ ഇ ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ആയിരുന്നു മൊഴി രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ കെ എം ഷാജിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തി. നേരത്തെ കെ എം ഷാജി എം എൽ എയുടെ കണ്ണൂരിലെ വീടിനെക്കുറിച്ചുള്ള റിപ്പോർട്ട് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയും കോഴിക്കോട്ടെ വീടിന്റേത് കോർപറേഷൻ അധികൃതരും ഇ ഡിക്ക് കൈമാറിയിരുന്നു.
കെ എം ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വില മാത്രം 1 കോടി 72 ലക്ഷം രൂപയാണെന്നും വീട്ടിലെ ഫർണിച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താൻ ആകുന്നില്ലെന്നും വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്നും കോർപറേഷൻ റിപ്പോർട്ടിലുണ്ട്. കോഴിക്കോട്ടെ വീട് നിർമാണത്തിലാണ് ചട്ട ലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയിരിക്കുന്നത്. 3200 ചതുരശ്ര അടിയിൽ വീട് നിർമ്മിക്കാനാണ് ഷാജി അനുമതി നേടിയതെന്നും പൂർത്തിയായ വീടിന് 5500 അടി വിസ്തീർണ്ണം ഉണ്ടെന്നും കോർപ്പറേഷൻ വ്യക്തമാക്കുന്നു.
കണ്ണൂർ ചാലാടുള്ള കെ എം ഷാജിയുടെ വീടിന്റെ വിശദാംശങ്ങൾ ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ ഇ ഡിക്ക് കൈമാറിയിരുന്നു. 2325 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 28 ലക്ഷം രൂപ മതിപ്പ് വിലയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അഴീക്കോട് കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികളും സ്കൂൾ പി ടി എ ഭാരവാഹികളും ഇ ഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു.