ചെന്നൈ: ഇനി രാജാമണിയുമില്ല.സിനിമ ലോകത്തുനിന്ന് മറ്റൊരു ഞെട്ടിക്കുന വാര്‍ത്തയാണ് പുറത്ത് വന്നത്.ഒഎന്‍വിയുടേയും,ആനന്ദകുട്ടന്റേയും വേര്‍പാടിന്റെ ഞെട്ടലില്‍ തരിച്ച് നിന്ന മലയാള സിനിമ ലോകത്തെ വീണ്ടും പ്രഹരമേല്‍പ്പിച്ചാണ് പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി(60) കടന്ന് പോകുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആദ്യകാലത്തെ പ്രമുഖ സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥിന്റെ മകനാണ്. നൂറ്റമ്പതോളം ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ളയാളാണ് രാജാമണി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുന്നൂറിലേറെ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും പകർന്നിട്ടുണ്ട്. പശ്ചാത്തല സംഗീത രംഗത്തും രാജാമണി മികവ് കാട്ടി. പാട്ടുകൾക്ക് സംഗീതം നൽകുന്നതിനൊപ്പം ഈ രംഗത്ത് കൂടുതലായി ശ്രദ്ധ പതിപ്പിച്ച വ്യക്തിയാണ് രാജാമണി. രാജാമണിയുടെ മകൻ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകൻ ആദിത്യ അഭിഭാഷകനാണ്. നൂറ്റമ്പതിലേറെ ഗാനങ്ങൾക്ക് ഈണം പകരുകയും എഴുനൂറിലേറെ സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, തുളു, ഉറുദു, ഒറിയ തുടങ്ങിയ ഭാഷകളിലും സംഗീതമൊരുക്കി. ചിദംബരനാഥിന്റെ സംഗീതത്തിൽ രാജാമണി ആദ്യമായി റെക്കോഡ് ചെയ്ത 'ഗംഗയാറു പിറക്കുന്നു ഹിമവൽ മലയിൽ, പമ്പയാറു പിറക്കുന്നു ശബരിമലയിൽ' എന്ന ഗാനം ഗാനം മലയാളിക്ക് ഏറെ പരിചിതമാണ്. അന്ന് 13 വയസുണ്ടായിരുന്ന രാജാമണിയെ ഓർക്കെസ്ട്ര ടീമിൽ ഉൾപ്പെടുത്തിയത് എ.ആർ റഹ്മാന്റെ പിതാവായ ആർ.കെ ശേഖറായിരുന്നു. പിന്നീട് എൻജിനീയറിങ് വിദ്യാഭ്യാസം കഴിഞ്ഞശേഷം സംഗീതലോകത്ത് സജീവമാകുകയായിരുന്നു. 2012ൽ പുറത്തിറങ്ങിയ ഹൈഡ് ആൻഡ് സീക്കാണ് ഈ നിരയിൽ അവസാനത്തേത്. താളവട്ടത്തിലെ കൂട്ടിൽ നിന്നും മേട്ടിൽ വന്ന, ഏകലവ്യനിലെ നന്ദകിഷോരാ ഹരേ എന്നിങ്ങനെ തുടങ്ങി 2010ലെ എൽസമ്മ എന്ന ആൺകുട്ടിയിലെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയവയാണ്. ആറാം തമ്പുരാന്റെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരവും നന്ദനം, ശാന്തം എന്നീ ചിത്രങ്ങൾക്ക് ഫിലിം ക്രിട്ടിക് പുരസ്‌കാരവും ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ചിത്രത്തിന് രാജ്യാന്ത പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഗ്രാമത്ത് കിളികള് (1983) എന്ന തമിഴ്ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റംകുറിച്ചത്. 1985ൽ പുറത്തിറങ്ങിയ നുള്ളിനോവിക്കാതെയാണ് ആദ്യ മലയാള ചിത്രം. ചിന്താമണി കൊലക്കേസ് ഉൾപ്പെടെ ത്രില്ലർ സിനിമകളുടെ പശ്ചാത്തല സംഗീതവും ശ്രദ്ധേയമായി. 10 ഭാഷകളിലായി 735 സിനിമകൾക്ക് സംഗീതമിട്ടിട്ടുണ്ട്. നേപ്പാളി, സിൻഹളീസ് എന്നിങ്ങനെ വിദേശഭാഷകളും ഇതിൽപ്പെടും. 78 സംഗീതസംവിധായകർക്കൊപ്പം ജോലി ചെയ്തിന്റെ അനുഭവവും സ്വന്തമായുള്ള അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം.