ജയലളിതയെ കാണാനെത്തിയ രജനീകാന്തിനെ തടഞ്ഞു: ആശുപത്രി വരാന്തയിൽ 25 മിനിറ്റ് കാത്തു നിന്നു

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട് സൂപ്പർ താരവും സ്റ്റൈൽ മന്നനുമായ രജനീകാന്തിനെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനാത്തിയ രജനീകാന്തിനെയാണ് ആശുപത്രി വരാന്തയിൽ തടഞ്ഞു നിർത്തിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാൻ രജനികാന്ത് എത്തി. മകളും സംവിധായകയുമായ ഐശ്വര്യയോടൊപ്പമാണ് രജനി ആശുപത്രിയിൽ എത്തിയത്. 25 മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചെങ്കിലും ജയലളിതയെ കാണാനുള്ള അനുവാദം താരത്തിന് ലഭിച്ചില്ല. തുടർന്ന് ഡോക്ടർമാരോട് മുഖ്യമന്ത്രിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അണ്ണാ ഡിഎംകെ പ്രവർത്തകരുമായി കൂടികാഴ്ച നടത്തിയാണ് രജനികാന്ത് മടങ്ങിയത്.
ജയലളിതയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന, തമിഴ് സൂപ്പർ താരത്തെയും അമ്മയെ കാണാൻ അനുവദിക്കാതിരുന്നതോടെ ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി. കഴിഞ്ഞ ഒരു മാസക്കാലമായി അമ്മയെപ്പറ്റി കൃത്യമായ വിവരം ലഭിക്കാത്ത അണികൾക്കിടയിൽ സംശയവും ഭീതിയും വർദ്ധിച്ചു.
ജയലളിതയെ കാണാൻ ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും എന്ന് റിപ്പോർട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി എത്തുന്ന തിയതി കൃത്യമായി അറിയിച്ചിട്ടില്ല. മറ്റ് പ്രധാന വ്യക്തികൾക്ക് പ്രവേശനം അനുവദിച്ചില്ലെങ്കിലും ജയലളിതയെ കാണാൻ നരേന്ദ്ര മോദിയെ അനുവദിക്കും എന്ന് വ്യക്തമാണ്. മുൻപ് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ ജയലളിതയെ കാണാൻ മോദി അയച്ചിരുന്നുവെങ്കിലും കാണാൻ അനുവദിച്ചിരുന്നില്ല.
ദീർഘനാൾ ജയലളിത ആശുപത്രിയിൽ കഴിയണം എന്ന് നേരത്തേ വ്യക്തമാക്കിയതിനാൽ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതും അപ്പോളോ അധികൃതർ നിർത്തി. അതിനാൽ അമ്മയുടെ സ്ഥിതി എന്താണെന്നതിനെക്കുറിച്ച് തമിഴ്‌നാടിന് വ്യക്തതയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top