ജയ്പുര്‍: കോളെജ് വിദ്യാര്‍ഥികളുടെ പഠനയാത്ര ആര്‍എസ്എസ് കേന്ദ്രത്തില്‍ വേണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. 1857ലെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതിയതിനു പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയില്‍ രാജസ്ഥാന്റെ രാഷ്ട്രീയ ഇടപെടല്‍.
ഉദയ്പുരില്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജുകളും നിര്‍ബന്ധമായി ‘പഠനയാത്ര’ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്.
സംസ്‌കാരം, പാരമ്പര്യം, ദേശസ്‌നേഹം, വിദ്യാഭ്യാസം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധമുണ്ടാക്കുകയാണ് പഠനയാത്ര കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജോയിന്റ് ഡയറക്ടര്‍ ബന്ദന ചക്രവര്‍ത്തി പുറത്തിറക്കിയ ഉത്തരവില്‍, പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ഥാടന, സഞ്ചാര കേന്ദ്രമായാണു വിശേഷിപ്പിക്കുന്നത്.
ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സോഹന്‍ സിങ് ആണ് കേന്ദ്രത്തിന് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
1817ല്‍ ഒഡീഷയില്‍ നടന്ന ‘പൈക ബിദ്രോഹ’ (പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാജ്യം മുഴുവന്‍ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.