കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപിക്ക് പുതിയ മുഖം.രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: കേരളത്തിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം .ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള രാഷ്ട്രീയത്തില്‍ ഏറെയൊന്നും പ്രവര്‍ത്തന പരിചയമില്ലാത്ത രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കുകവഴി വലിയ പരീക്ഷണത്തിനാണ് ബിജെപി ദേശീയ നേതൃത്വം ഒരുങ്ങുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം. അതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. അടുത്തിടെ പാര്‍ട്ടിയില്‍ രൂപപ്പെട്ട ഗ്രൂപ്പ് സമവാക്യങ്ങളെ അതിജീവിക്കുക എന്നതും രാജീവ് ചന്ദ്രശേഖറിന് മുന്നിലെ വെല്ലുവിളിയാണ്.

1964ല്‍ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറും വല്ലി ചന്ദ്രശേഖറുമാണ് മാതാപിതാക്കള്‍. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ അദ്ദേഹം ചിക്കാഗോയിലെ ഇല്ലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസും സ്വന്തമാക്കി. ഇന്ത്യയിലെ ഒരു പ്രമുഖ ടെക് കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കയിലും ജോലി ചെയ്തു. ഇന്റലില്‍ ഡിസൈന്‍ എന്‍ഞ്ചിനീയര്‍ ആന്‍ഡഡ് സിപിയു ആര്‍ക്കിടെക്റ്റ് ആയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് 1990കളില്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി. 2005ലാണ് ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ രൂപീകരിച്ച് ബിസിനസ് സാമ്രാജ്യം വിപുലമാക്കുന്നത്.

2006ലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായിരുന്നു. 2021 – 2024 കാലഘട്ടത്തില്‍ മോദി മന്ത്രി സഭയില്‍ അംഗമായി. ടെക്ക്, നിര്‍മിത ബുദ്ധി, ഡാറ്റ പ്രൈവസി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ പ്രതിച്ഛായ കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. മാറ്റം ആ​ഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽയിരിക്കുന്ന പരിഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ‌ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.

സുരേഷ് ​ഗോപിയുടെ തൃശ്ശൂരിലെ വിജയവും സമീപകാലത്ത് മറ്റുപാർ‌ട്ടികളിൽ നിന്നും ആളുകൾ ബിജെപിയിലേയ്ക്ക് എത്തുന്നതും പരി​ഗണിച്ചാണ് നേതൃമാറ്റം കേരളത്തിൽ അനിവാര്യമാണ് എന്ന നിലപാടിലേയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം എത്തിയത്.

അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാൽ അധ്യക്ഷ പദവി ഏറ്റെടുക്കാൻ രാജീവ് ചന്ദ്രശേഖർ വിമുഖത പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കേരളത്തിലെ ബിജെപിയിലെ ​​ഗ്രൂപ്പിസവും താഴെതട്ടിലെ നേതാക്കളുമായി അടുപ്പമില്ലാത്തതും ചൂണ്ടിക്കാണിച്ചായിരുന്നു രാജീവ് ചന്ദ്രശേഖർ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വിമുഖത അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്.

Top