ന്യൂദല്‍ഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീം കോടതി. ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് തീരുമാനം കോടതി ഗവര്‍ണര്‍ക്കു വിട്ടത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ഏഴ് പേരും ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2015 ഡിസംബര്‍ 30ന് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. രണ്ടുവര്‍ഷത്തിനിപ്പുറവും ഹര്‍ജിയില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പേരറിവാളന്‍ ആഗസ്റ്റ് 20ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
രാജീവ്ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബിനായി 9വോള്‍ട്ട് ബാറ്ററി നല്‍കിയെന്ന ആരോപണമാണ് പേരറിവാളനെതിരെയുണ്ടായിരുന്നത്.
‘ജയില്‍ നിയമപ്രകാരം ജീവപര്യന്തം തടവ് എന്നത് ഏറ്റവും കൂടിയത് 20 വര്‍ഷത്തെ തടവുശിക്ഷയാണ്. അതിനുശേഷം തടവുപുള്ളിയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറുള്ളത്. എന്റെ കാര്യത്തില്‍ ഇതിനകം തന്നെ ജീവപര്യന്തം ശിക്ഷയേക്കാള്‍ കൂടുതല്‍ അനുഭവിച്ചുകഴിഞ്ഞു.’ എന്നായിരുന്നു പേരറിവാള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.
പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചതിനു പിന്നാലെ 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികളെ വെറുതെ വിടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കലാവുമെന്ന് ആഗസ്റ്റ് 10ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു.ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, നവീണ്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.