സ്വാശ്രയ കോളേജ് സര്‍ക്കാരിന് തിരിച്ചടി;സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. മുഴുവന്‍ കോളെജുകളില്‍ 11 ലക്ഷം രൂപ ഫീസ്

ന്യൂഡല്‍ഹി:സ്വാശ്രയ കോളേജ് സര്‍ക്കാരിന് തിരിച്ചടി.. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു .മുഴുവന്‍ സ്വാശ്രയ കോളെജുകളിലും 11 ലക്ഷം ഫീസായിരിക്കും. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടവര്‍ക്കും ഇതേ ഫീസ് തന്നെയായിരിക്കും. അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുകയക്ക് ബാങ്ക് ഗ്യാരണ്ടി തന്നെ നല്‍കണം. ബോണ്ട് നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി തള്ളി.

ഇതില്‍ അഞ്ച് ലക്ഷം രൂപ ഫീസായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായോ, പണമായോ നല്‍കണം. ഈ പണം സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും കോടതി മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രവേശനം നേടി 15 ദിവസത്തിനുള്ളില്‍ നല്‍കിയാല്‍ മതി. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. അലോട്ട്‌മെന്റ് പൂര്‍ത്തിയായെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. നേരത്തെ രണ്ട് കോളെജുകള്‍ക്ക് 11 ലക്ഷം ഫീസ് ബാധകമാക്കി കോടതി ഉത്തരവിട്ടിരുന്നു.

സുപ്രീംകോടതി വിധി വരാനുണ്ടായിരുന്നത് കാരണം സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടികളില്‍ നിന്ന് 9 കോളെജുകള്‍ വിട്ടുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന മെഡിക്കല്‍ പ്രവേശനത്തില്‍ നിന്നാണ് ഇവര്‍ വിട്ടുനിന്നത്. കോടതിവിധി വരുംവരെ പ്രവേശനം തടസപ്പെടുത്താനായിരുന്നു നീക്കം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഓപ്ഷന്‍ സമര്‍പ്പണം ശനിയാഴ്ച വൈകീട്ട് നാലിന് സമാപിച്ചിരുന്നു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ രേഖകള്‍ സഹിതം ഇന്നും നാളെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പഴയ ഓഡിറ്റോറിയത്തില്‍ എത്തി പ്രവേശനം നേടണമെന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അറിയിച്ചിരുന്നു.

ആദ്യ അലോട്ട്‌മെന്റിനുശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കുന്ന അലോട്ട്‌മെന്റായിരുന്നു ഞായറാഴ്ചത്തേത്. പ്രവേശനം നടക്കുന്ന സമയം കോളെജ് മാനേജ്‌മെന്റ് പ്രതിനിധികളും ഹാജരാകണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതേസമയം ഹാജരാകേണ്ടതില്ലെന്ന് ചില മാനേജ്‌മെന്റുകള്‍ക്ക് നിയമോപദേശം ലഭിച്ചതായാണ് വിവരം. ഇതേ തുടര്‍ന്നാണ് ഇവര്‍ പ്രവേശന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പ്രവേശനപ്പരീക്ഷാ കമ്മീഷണറും ചേര്‍ന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തന്നെ എടുത്ത തീരുമാനം. ഫീസ് സംബന്ധിച്ച മാനേജ്‌മെന്റുകളുടെ പരാതി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി നേരത്തെ എത്തി പ്രവേശനം ഉറപ്പാക്കണമെന്നാണ് വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം.

Top