ജനാധിപത്യം അപകടത്തിൽ!..ചീഫ് ജസ്റ്റിസിനെതിരെ പൊട്ടിത്തെറിച്ച് ജഡ്ജിമാർ.സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നാലു മുതിർന്ന ജഡ്ജിമാർ നൽകിയ കത്തിന്റെ കരടു രൂപം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് രണ്ടു മാസം മുൻപ് സുപ്രീം കോടതിയിലെ നാലു ഏറ്റവും മുതിർന്ന ജഡ്ജിമാർ നൽകിയ കത്തിന്റെ കരടു രൂപം. ഇന്നലെ ഡൽഹിയിൽ ജഡ്ജിമാരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ഇതു വിതരണം ചെയ്തു. ഇങ്ങനെയൊരു കത്തെഴുതുന്നതു തീവ്രമായ മനോവ്യഥയോടെയും ആശങ്കയോടെയുമാണ്. ചീഫ് ജസ്‌റ്റിസിന്റെ ഭരണപരമായ പ്രവർത്തനത്തിനു പുറമേ, നീതിനിർവഹണ സംവിധാനത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ഹൈക്കോടതികളുടെ സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഈ കോടതിയിൽ നിന്നുണ്ടായ ചില ഉത്തരവുകൾ എടുത്തുകാട്ടുകയാണ് ഉദ്ദേശ്യം.

ബോംബെ, മദ്രാസ്, കൽക്കത്ത ഹൈക്കോടതികൾ സ്ഥാപിച്ച കാലം മുതൽ ജുഡീഷ്യറിയുടെ നടത്തിപ്പിൽ അംഗീകൃതമായ ചില പാരമ്പര്യങ്ങളും രീതികളും നിലവിലുണ്ട്. മേൽപ്പറഞ്ഞ കോടതികൾ സ്ഥാപിക്കപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം നിലവിൽ വന്ന സുപ്രീം കോടതിയും അതേ പാരമ്പര്യങ്ങളെയാണ് ആശ്ലേഷിച്ചത്. ആംഗ്‌ളോ സാക്സൻ നിയമസംഹിതയിലും നടപടിക്രമങ്ങളിലുമാണ് ഈ പാരമ്പര്യങ്ങളുടെ വേരുകൾ.ഈ കോടതികളുടെ ജോലി വിഭജനത്തിന്റെ മേധാവി ചീഫ് ജസ്റ്റിസ് ആണെന്നത് അംഗീകരിക്കപ്പെട്ട തത്വങ്ങളിലൊന്നാണ്. അദ്ദേഹത്തിനാണ് സഹപ്രവർത്തകരായ ന്യായാധിപന്മാരുടെ ജോലിക്രമം നിശ്ചയിക്കാനുള്ള പ്രത്യേകാവകാശം. ഏതു കേസ് അല്ലെങ്കിൽ ഏതു വിഭാഗം കേസുകൾ ഏതു ബെഞ്ച് / അംഗം കൈകാര്യം ചെയ്യണമെന്നു നിശ്ചയിക്കാനും അതിനു സൗകര്യങ്ങളൊരുക്കാനും വിവിധ കോടതികളുടെ പ്രവർത്തനം ക്രമബദ്ധമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഈ പ്രത്യേകാവകാശം അനിവാര്യമാണ്.

കോടതിയിലെ വിവിധ ബെഞ്ചുകൾക്കു കേസുകൾ വീതിച്ചുനൽകാനുള്ള ചീഫ് ജസ്റ്റിസിന്റെ അവകാശം അംഗീകരിക്കുന്ന സമ്പ്രദായം കോടതിയുടെ പ്രവർത്തനം കൃത്യതയോടെയും കാര്യക്ഷമതയോടെയും നടക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയതാണ്. അല്ലാതെ സഹപ്രവർത്തകർക്കുമേൽ ചീഫ് ജസ്റ്റിസിനു നിയമപരമോ വസ്തുതാപരമോ ആയ ഏതെങ്കിലും അധികാരം ഇല്ലതന്നെ. തുല്യരിലെ ഒന്നാമൻ മാത്രമാണു ചീഫ് ജസ്‌റ്റിസ്. അതിൽ കൂടുതലോ കുറവോ ഇല്ല. ഇതു നിയമസംഹിതയിൽ ഊട്ടിയുറപ്പിക്കപ്പെട്ടതാണ്. മുറപ്രകാരം വിവിധ ബെഞ്ചുകളിൽ വാദം കേൾക്കേണ്ട കാര്യങ്ങൾ പ്രഖ്യാപിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള അധികാരം കവർന്നെടുക്കാൻ മറ്റൊരു ബെഞ്ചോ അംഗമോ മുതിരരുതെന്നതാണു മേൽ പരാമർശിച്ചതിനോടു ചേർന്നു വരുന്ന മറ്റൊരു അനിവാര്യ തത്വം.

ഈ രണ്ട് അടിസ്ഥാന നിയമങ്ങളിൽനിന്നുമുള്ള ഏതു വ്യതിയാനവും നീതിപീഠത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു സംശയങ്ങൾ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. അസുഖകരവും അഹിതവുമായ പ്രത്യാഘാതങ്ങൾക്കും അതു കാരണമാകും.മേൽപ്പറഞ്ഞ ഇരട്ടതത്വങ്ങൾ സമീപകാലത്തായി കണിശതയോടെ പാലിക്കുന്നില്ലെന്നു പറയേണ്ടി വരുന്നതിൽ ഞങ്ങൾക്കു ഖേദമുണ്ട്. രാജ്യത്തെയും നീതിപീഠത്തെയും സംബന്ധിച്ചു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസുകൾ, ചീഫ് ജസ്റ്റിസ് താൽപര്യമുള്ള ബെഞ്ചുകൾക്കാണു തിരഞ്ഞെടുത്തു കൊടുത്തത്. അങ്ങനെ നൽകിയതിനൊന്നും തത്വാധിഷ്ഠിതമായ ഒരടിസ്ഥാനവും ഇല്ലതാനും. ഇത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്.വിശദാംശങ്ങൾ ഞങ്ങൾ പരാമർശിക്കാതിരിക്കുന്നതു നീതിപീഠത്തിനു വല്ലായ്മ ഉണ്ടാകുന്നത് ഒഴിവാക്കാനാണ്. പക്ഷേ, ഇതിനകം സംഭവിച്ച വ്യതിയാനങ്ങൾ നീതിപീഠത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തിയിട്ടുണ്ടെന്നതും ശ്രദ്ധിക്കണം.

ഈ പശ്ചാത്തലത്തിൽ, 2017 ഒക്ടോബർ 27ലെ ആർ.പി ലുത്ര കേസ് ഉത്തരവു പരാമർശിക്കാതെ വയ്യ. ജഡ്ജിമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ (എംഒപി) അന്തിമമായി തീരുമാനിക്കാൻ ഇനിയും കാലതാമസം വരുത്തരുതെന്നു താങ്കളോടു ഞങ്ങൾ അഭ്യർഥിക്കുന്നു. വിശാലമായ പൊതുതാൽപര്യം മുൻനിർത്തിയാണിത്. ജഡ്ജി നിയമന നടപടിക്രമം (എംഒപി) ഈ കോടതിയുടെ ഭരണഘടനാ ബെഞ്ച് തീരുമാനിച്ച വിഷയമാണെന്നിരിക്കെ, മറ്റൊരു ബെഞ്ചിന് ഇതേ കാര്യം എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നു മനസ്സിലാക്കാനാവുന്നില്ല. ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിനു പിന്നാലെ, അഞ്ചംഗ ജഡ്ജിമാരുടെ കൊളീജിയവും വിശദമായ ചർച്ച നടത്തി എംഒപി തീരുമാനിക്കുകയും അന്നത്തെ ചീഫ് ജസ്റ്റിസ് 2017 മാർച്ചിൽ അതു കേന്ദ്രസർക്കാരിന് അയച്ചു കൊടുക്കുകയും ചെയ്തതാണ്. എന്നാൽ, സർക്കാർ ഇതുവരെ അതിനോടു പ്രതികരിച്ചില്ല. സുപ്രീം കോടതി തന്നെ മുൻപു പുറപ്പെടുവിച്ചിട്ടുള്ള വിധിയുടെ അടിസ്ഥാനത്തിൽ, സർക്കാരിന്റെ മൗനത്തെ സമ്മതമായി കണക്കാക്കി, എംഒപി അവർ അംഗീകരിച്ചതായി കാണാവുന്നതേയുള്ളൂ.

2017 ജൂലൈ നാലിന് ഈ കോടതിയിലെ ഏഴംഗ ബെഞ്ചാണു ജസ്റ്റിസ് സി.എസ്. കർണൻ (2017) 1 എസ്‍സിസി1) കേസിൽ തീരുമാനമെടുത്തത്. ആ തീരുമാനത്തിൽ (ആർപി ലുത്ര കേസിൽ പരാമർശിച്ചത്) ഞങ്ങളിൽ രണ്ടുപേർ നിരീക്ഷിച്ചതു ജഡ്ജിമാരുടെ നിയമന പ്രക്രിയ പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഇംപീച്‌മെന്റ് അല്ലാതെ തെറ്റുതിരുത്തലിനു കുറ്റമറ്റ സംവിധാനം ഉണ്ടാക്കണമെന്നുമായിരുന്നു. എംഒപിയുമായി ബന്ധപ്പെട്ട ഏതു പ്രശ്നവും ചീഫ് ജസ്റ്റിസിന്റെ യോഗത്തിലും മുഴുവൻ കോടതിയിലുമാണു ചർച്ച ചെയ്യേണ്ടത്. ഇത്രയും സുപ്രധാനമായ ഒരു വിഷയം, അതിന്റെ നിയമവശം പരിശോധിക്കേണ്ടി വരുമ്പോൾ, നിർബന്ധമായും ഭരണഘടനാ ബെഞ്ച് തന്നെയാണു കൈകാര്യം ചെയ്യേണ്ടത്.ഇന്ത്യയുടെ ബഹുമാന്യ ചീഫ് ജസ്റ്റിസ് പ്രശ്നം പരിഹരിക്കാൻ ബാധ്യസ്ഥനാണ്. കൊളീജിയത്തിലെ മറ്റെല്ലാ അംഗങ്ങളുമായി പൂർണ ചർച്ചയ്ക്കുശേഷം വേണം പരിഹാര മാർഗം സ്വീകരിക്കാൻ. അടുത്ത ഘട്ടത്തിൽ, ആവശ്യം വന്നാൽ, ഈ കോടതിയിലെ മറ്റു മുഴുവൻ ജഡ്ജിമാരുമായും ചർച്ച ചെയ്യണം.2017 ഒക്ടോബർ 27നു ലുത്ര കേസ് ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഗണിച്ചുകഴിഞ്ഞാൽ, ആവശ്യമെങ്കിൽ ഈ കോടതി പാസാക്കിയ മറ്റ് ഉത്തരവുകളും ഞങ്ങൾ താങ്കളെ അറിയിക്കാം.

ക്ഷേമാശംസകളോടെ

ജസ്റ്റിസ് ജെ. ചെലമേശ്വർ,

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്,

ജസ്റ്റിൻ മദൻ ബി. ലോക്കുർ,

ജസ്റ്റിസ് കുര്യൻ ജോസഫ്

Top