അഹമ്മദാബാദ്: ജൂണ്‍ 19 ന് നടക്കാനിരിക്കുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വലിയ തോതിലുള്ള രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥനില്‍ നടക്കുന്നത്. അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴ്ത്തി സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് തങ്ങളുടേയും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരടക്കമുള്ള മറ്റ് എംഎല്‍എമാരേയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടയിൽ തന്നെ ഈ മാസം 19ന് നടക്കാൻ പോകുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോൺഗ്രസ് ചില എംഎൽഎമാരെ കൂടി ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് മാറ്റി. 65 എംഎൽഎമാരിൽ 20 പേരെയാണ് രാജസ്ഥാനിലെ റിസോർട്ടിൽ നിന്ന് അഹമ്മദാബാദിലെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് മാറ്റിയത്. പാർട്ടി വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കും ജൂൺ 19ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
സൗരാഷ്ട്ര, സെൻട്രൽ ഗുജറാത്ത്, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് പാർട്ടി എം എൽ എമാരും ബുധനാഴ്ചയോടെ അഹമ്മദാബാദിൽ എത്തും. തുടർന്ന് അവരെ ഗാന്ധിനഗറിന് സമീപത്തേക്ക് മാറ്റുമെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു.രാജസ്ഥാനിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയ 20 എം എൽ എമാർ ഉത്തര ഗുജറാത്തിൽ നിന്നുള്ളവരാണ്. ഈ മാസമാദ്യം കോൺഗ്രസ് അവരുടെ 65 എം എൽ എമാരെ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചിരുന്നു. തുടർന്ന്, ‘കടത്തികൊണ്ടു പോകലിൽ’ നിന്ന് എംഎൽഎമാരെ സംരക്ഷിക്കുന്നതിന് ഗുജറാത്തിന് പുറത്ത് നാല് വ്യത്യസ്ത കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഈ വർഷം മാർച്ചിൽ എട്ട് എം എൽ എമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. 182 അംഗ സഭയിൽ ഇതോടെ കോൺഗ്രസിന്റെ പ്രാതിനിധ്യം 65 ആയി കുറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിക്കും 35 വോട്ടാണ് വിജയിക്കാൻ വേണ്ടത്. രണ്ട് സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നിർത്തുന്നത്. ഈ സാഹചര്യത്ത് അഞ്ച് വോട്ട് കൂടി കോൺഗ്രസിന് അധികം വേണം. മൂന്ന് സ്ഥാനാർഥികള നിർത്തിയിട്ടുള്ള ബി ജെ പിക്ക് ആകെ 103 എം എൽ എമാരാണ് ഉള്ളത്. മൂന്നാമത്തെ സ്ഥാനാർഥി ജയിക്കണമെങ്കിൽ രണ്ടു വോട്ടുകൾ കൂടി അധികമായി വേണം. ഈ സാഹചര്യത്തിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എം എൽ എമാർ, എൻസിപിയുടെ പ്രതിനിധി, സ്വതന്ത്രനായ ജിഗ്നേഷ് മേവാനി എന്നിവരുടെ തീരുമാനം നിർണായകമാകും.