ന്യൂഡൽഹി:രാജ്യത്ത് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ വിജയം. മണിപ്പൂരിലെ ഏക രാജ്യസഭാ സീറ്റിലും ബിജെപി വിജയം നേടി !പത്ത് സംസ്ഥാനങ്ങളിലായി 24 രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് ബിജെപിക്ക്. നാല് സീറ്റിൽ കോൺഗ്രസ്. വൈഎസ്‌ആർസിപി നാല് സീറ്റിലും ജെഎംഎം, എംഎൻഎഫ്, എൻപിപി, ജെഡിഎസ് എന്നിവ ഓരോ സീറ്റിലും ജയിച്ചു. കർണാടകത്തിൽ ഒഴിവുള്ള നാല് സീറ്റിൽ ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ബിജെപിയുടെ ഇരണ്ണ കഡാഡി, അശോക് ഗസ്‌തി എന്നിവരും അരുണാചൽപ്രദേശിൽനിന്ന് ബിജെപിയുടെ നബാം റാബിയയും എതിരില്ലാതെ ജയിച്ചു. രണ്ട് ബിജെപി എംഎൽഎമാരുടെ വോട്ടിൽ കോൺഗ്രസ് തർക്കം ഉന്നയിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ വോട്ടെണ്ണൽ വൈകി.ഫലം രാത്രി വൈകിയും വന്നില്ല.
രാജസ്ഥാനിൽനിന്ന് കോൺഗ്രസിന്റെ കെ സി വേണുഗോപാലും നീരജ് ദാംഗിയും ജയിച്ചു. മൂന്നാമത്തെ സീറ്റിൽ ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് ജയിച്ചു. മൂന്ന് സീറ്റിലേക്ക് തെരഞ്ഞെടുപ്പുണ്ടായ മധ്യപ്രദേശിൽ അടുത്തിടെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയും ബിജെപിയുടെ സുമർ സിങ് സോളങ്കിയും ജയിച്ചു. മൂന്നാമത്തെ സീറ്റിൽ ദിഗ്‌വിജയ് സിങ് ജയിച്ചു. ദളിത് നേതാവ് ഫൂൽസിങ് ബരിയ്യ കോൺഗ്രസിന്റെ രണ്ടാമത് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു.
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പേരുകേട്ട മണിപ്പുരിൽ ഏക സീറ്റിൽ ബിജെപി ജയിച്ചു. അടുത്തിടെ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടൊപ്പം കോൺറാഡ് സാങ്‌മയും നാഷണൽ പീപ്പിൾസ് പാർടിയുടെ നാല് എംഎൽഎമാരും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്‌തു. തൃണമൂൽ എംഎൽഎയും പിന്തുണ പിൻവലിച്ചിരുന്നു. നേരത്തെ എട്ട് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. ഇവരിൽ നാലുപേർ പിന്നീട് കോൺഗ്രസിന് പിന്തുണ അറിയിച്ചു. കൂറുമാറിയ എട്ട് എംഎൽഎമാർക്ക് നിയമസഭയിൽ പ്രവേശിക്കുന്നതിൽനിന്ന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ബിജെപിക്കൊപ്പം തുടരുന്ന മൂന്ന് എംഎൽഎമാർക്ക് വോട്ടുചെയ്യാൻ സ്‌പീക്കർ അനുമതി നൽകി. കോൺഗ്രസിനൊപ്പമുള്ള നാല് എംഎൽഎമാർക്ക് അനുമതി നിഷേധിക്കുകയും ചെയ്‌തു.
ആന്ധ്രയിൽ ഒഴിവുള്ള നാല് സീറ്റിലും വൈഎസ്‌ആർസിപി ജയിച്ചു. ജാർഖണ്ഡിൽ ജെഎംഎമ്മും ബിജെപിയും ഓരോ സീറ്റിൽ ജയിച്ചു. മിസോറമിൽ മിസോ നാഷണൽ ഫ്രണ്ടും മേഘാലയയിൽ നാഷണൽ പീപ്പിൾസ് പാർടിയും ജയിച്ചു.