ദില്ലി: രാജ്യത്ത് ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ.ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. കുതിരക്കച്ചവടത്തിനും റിസോര്‍ട്ട് രാഷ്ട്രീയത്തിനും കളമൊരുക്കിക്കൊണ്ടുള്ള കരുനീക്കങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് ഇത്തവണ ഏറെ ചര്‍ച്ചയായത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കുതിരക്കച്ചവട ഭീതിയിലാണ്. ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സീറ്റുകളെക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും അരങ്ങുണരുകയായിരുന്നു. രാജസ്ഥാനില്‍ സ്വതന്ത്രരെയും ചെറുകക്ഷികളെയും കൂടെ നിര്‍ത്താന്‍ നെട്ടോട്ടത്തിലാണ് ഇരുപാര്‍ട്ടികളും. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുഭാഷ് ചന്ദ്രക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. പണം നല്‍കി എംഎല്‍എമാരെ വശത്താക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ക്രോസ് വോട്ടിംഗ് ഭയന്ന് ബിജെപി. നടക്കില്ലെന്ന് ഉറപ്പാക്കാൻ പാര്‍ട്ടി കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയെ ചുമതലപ്പെടുത്തി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വാഗ്ദാനങ്ങൾ നൽകി നിയമസഭാംഗങ്ങളെ ക്രോസ് വോട്ടിങ്ങിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്ന ബിജെപിയും ജെഡി(എസും) സീറ്റ് പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
കര്‍ണ്ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസ്സിന്‍റെ മുഴുവൻ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് 32 ജെഡിഎസ് എംഎല്‍എ മാരെ മാറ്റിയത്.
നാല് സംസ്ഥാനങ്ങളിലെ പതിനാറ് സീറ്റുകളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് (Rajya Sabha Election 2022) നിര്‍ണ്ണായകമാകും. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. 200 അംഗ നിയമസഭയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാന് 15 വോട്ട് അധികം വേണം. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണക്കുമ്പോള്‍ ബിജെപിക്ക് 11 വോട്ട് കൂടി വേണം. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ എത്തിച്ചതില്‍ കലിപൂണ്ട കോണ്‍ഗ്രസ് ക്യാമ്പിന് പാളയത്തിലെ പടയില്‍ ആശങ്കയുണ്ട്. ചെറുപാര്‍ട്ടികളുടെയും സ്വന്ത്രരുടെയും നിലപാട് നിര്‍ണ്ണായകമാകും.
ഹരിയാനയിൽ രണ്ട് രാജ്യസഭ സീറ്റാണുള്ളത്. 90 അംഗ നിയമസഭയില്‍ 40 സീറ്റുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ജയിക്കാന്‍ 31 വോട്ടാണ് വേണ്ടതെന്നിരിക്കേ കോണ്‍ഗ്രസിനുള്ളത് കൃത്യം 31 സീറ്റ്. അജയ് മാക്കന്‍റെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് നില്‍ക്കുന്നു. സ്വന്തം സ്ഥാനാ ര്‍ത്ഥിക്ക് പുറമെ ന്യൂസ് എക്സ് മേധാവി കാര്‍ത്തികേയ ശര്‍മ്മയെ സ്വന്ത്രനായി ഇറക്കി ബിജെപി മത്സരം കടുപ്പിക്കുന്നു. മാക്കന്‍റെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതിഷേധിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടുകയും, ജെജപി, ഹരിയാന ലോക് ഹിത് പാര്‍ട്ടി എന്നിവരുടെയും ചില സ്വതന്ത്രുടെയും പിന്തുണ കിട്ടിയാല്‍ ജയിക്കാമെന്ന് ബിജെപി കരുതുന്നു.
മഹാരാഷ്ട്രയിൽ ആറ് സീറ്റിലേക്ക് ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 42 വോട്ടാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളടുങ്ങുന്ന മഹാവികാസ് അഘാഡിക്ക് 152 സീറ്റുകളാണുള്ളത്. ബിജെപിക്ക് 106 സീറ്റുകളുണ്ട്. ബിജെപിക്ക് രണ്ടും, മഹാവികാസ് അഘാഡിയിലെ കക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ക്ക് ഓരോ സീറ്റിലും ജയിക്കാം. ആറാം സീറ്റിലേക്ക് ബിജെപിയും ശിവേസനയും ഒരോ സ്ഥാനാർത്ഥിയെ ഇറക്കി. യുപിയില്‍ നിന്നുള്ള സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്തതില്‍ കോണ്‍ഗ്രസ് ക്യാമ്പിലും അമര്‍ഷം ശക്തമാണ്.
കര്‍ണ്ണാടകയിൽ നാല് സീറ്റുകളില്‍ ആറ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒന്നും സീറ്റില്‍ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഈ വെല്ലുവിളികള്‍ക്കിടെയില്‍ ആര് നേടുമെന്നത് നിര്‍ണ്ണായകം.
കർണാടക സംസ്ഥാന അസംബ്ലിയിൽ 224 എംഎൽഎമാരുണ്ട് – അതായത് രാജ്യസഭാ ബർത്ത് ഉറപ്പാക്കാൻ ഓരോ സ്ഥാനാർത്ഥിക്കും 45 വോട്ടുകൾ വേണം.122 എംഎൽഎമാരുള്ള (ഒരു ബിഎസ്‌പി എംഎൽഎയും ഒരു സ്വതന്ത്രനും ഉൾപ്പെടെ) ബിജെപിക്ക് അവരുടെ രണ്ട് സ്ഥാനാർത്ഥികളായ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും, നടന്‍ ജഗ്ഗേഷിനെയും വിജയിപ്പിക്കാനാകും.
70 എംഎൽഎമാരുള്ള കോൺഗ്രസ് മുൻ കേന്ദ്രമന്ത്രി ജയറാം രമേശിനെയും പാർട്ടി ജനറൽ സെക്രട്ടറി മൻസൂർ ഖാനെയും രംഗത്തിറക്കിയെങ്കിലും ജയറാം രമേശിന്റെ വിജയം മാത്രമേ ഉറപ്പിക്കാനാകൂ.32 എംഎൽഎമാരുള്ള ജെഡി(എസ്) കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കി.അതേസമയം, ക്രോസ് വോട്ടിംഗ് ഉണ്ടാകില്ലെന്ന് ബിജെപി ചീഫ് വിപ്പ് സതീഷ് റെഡ്ഡി എം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു സീറ്റിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിം പറഞ്ഞു.
മത്സരം 16 സീറ്റുകളില്‍
15 സംസ്ഥാനങ്ങളില്‍ നിന്നായി 57 രാജ്യസഭാ സീറ്റുകളാണ് ഒഴിവാകുന്നത്. ഉത്തര്‍പ്രദേശ്(11), മഹാരാഷ്ട്ര(ആറ്), തമിഴ്‌നാട്(ആറ്), ബിഹാര്‍(അഞ്ച്), രാജസ്ഥാന്‍(നാല്), ആന്ധ്രപ്രദേശ്(നാല്), കര്‍ണാടക(നാല്), മധ്യപ്രദേശ്(മൂന്ന്), ഒഡിഷ(മൂന്ന്), തെലങ്കാന(രണ്ട്), ഛത്തീസ്ഗഡ്(രണ്ട്), ഝാര്‍ഖണ്ഡ്(രണ്ട്), പഞ്ചാബ്(രണ്ട്), ഹരിയാന(രണ്ട്), ഉത്തരാഖണ്ഡ്(ഒന്ന്) എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. ഇവയില്‍ 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അതത് സംസ്ഥാന നിയമസഭകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും.
അനില്‍ ദേശ്‌മുഖിനും നവാബ് മാലിക്കിനും വോട്ട് ചെയ്യാനാകില്ല
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി എന്‍സിപി നേതാക്കളായ അനില്‍ ദേശ്‌മുഖും നവാബ് മാലിക്കും സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ പ്രത്യേക കോടതി ഒരു ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഇരുവരും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എമാരാണ്. അതുകൊണ്ട് രാജ്യസഭയിലേക്കുളള പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ബാധ്യസ്ഥരാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.