ഡല്‍ഹി: സര്‍വകലാശാലയില്‍ അദ്ധ്യാപകരായി ബുദ്ധിജീവികളെയാണ് നിയമിക്കേണ്ടത് അല്ലാതെ രാജ്യദ്രാഹികളെയല്ലെന്ന് എ.ബി.വി.പി നേതാവ് പ്രവീണ്‍ ദേശായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദ് സര്‍വകലാശാലയില്‍ പഠിപ്പിക്കാനില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അറിയിച്ചു. സര്‍വകലാശാലയിലെ ഹ്യൂമാനിറ്റീസ് വിഭാഗം അദ്ധ്യാപകനായി ഗുഹയെ നിയമിച്ചത് എ.ബി.വി.പിയുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എബിവിപി നേതാക്കള്‍ സര്‍വകലാശാല അധികൃതരെ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
ഗുഹയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍ എം.ബി.ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രവീണ്‍ ദേശായി ഗുഹയെ രാജ്യദ്രോഹികളെന്ന് വിളിച്ചത്. അര്‍ബന്‍ നക്സലെന്ന് വിളിക്കാന്‍ യോഗ്യതയുള്ളയാളാണ് ഗുഹ. അദ്ദേഹത്തിന്റെ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകം സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റിനെയാണ് നിങ്ങള്‍ ഇവിടേക്ക് ക്ഷണിച്ചിരിക്കുന്നത്. ഗുഹ ഇവിടെ എത്തിയാല്‍ ജെ.എന്‍.യുവിലെ പോലത്തെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും പ്രവീണ്‍ ദേശായി ആരോപിച്ചിരുന്നു.
അതേസമയം, ഗുഹയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗുജറാത്തിലെത്തിയാല്‍ തന്റെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്നാണ് ഗുഹയ്ക്ക് കിട്ടിയ മുന്നറിയിപ്പ്. ക്യാംപസില്‍ വച്ച് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്നിരുന്നുവെന്നും ഗുഹയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.