കോണ്‍ഗ്രസ് വിട്ട ജി.രാമന്‍ നായര്‍ക്ക്ക ബിജെപിയില്‍ ലഭിച്ചത് ഉന്നത പദവി. ബിജെപി നടത്തിയ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്തതിന് കോൺഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട രാമന്‍ നായര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ രാമന്‍ നായരുടെ വരവിനെ സംസ്ഥാന ഉപാധ്യക്ഷന്‍ പദവി നല്‍കിയാണ് ബിജെപി ആദരിച്ചത്. വനിതാകമ്മിഷന്‍ മുന്‍ അംഗം പ്രമീളാദേവി ബിജെപിയില്‍ ചേര്‍ന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി. രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വമെടുത്തത്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഇവരെ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തിരുന്നു.
കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളാണെന്നും രാമന്‍ നായര്‍ പരിഹസിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷന്‍ മുന്‍ അംഗം അഡ്വക്കേറ്റ് ജി. പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കി. ബിജെപിയിലേക്ക് വരാന്‍ കെപിസിസി ഭാരവാഹികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.