തിരുവനന്തപുരം: ജ്യോതിഷിയുടെ കവടികള്‍ പറയുന്നതു സത്യമാണെങ്കില്‍ രമേശിനു മുഖ്യമന്ത്രിയാകാന്‍ മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതിയാവും. അടുത്ത ഏപ്രിലിനുള്ളില്‍ മുഖ്യമന്ത്രിയാകാനുള്ള രാജയോഗമാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ചേര്‍ത്തലയിലെ ഏറ്റവും അടുപ്പക്കാരനായ ജ്യോതിഷി പ്രവചിച്ചിരിക്കുന്നത് എന്ന് രഹസ്യമായി അടുപ്പക്കാര്‍ അടക്കം പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാനുള്ള വഴി തെളിയുന്നുണ്ടെന്നാണ് ജ്യോതിഷ പ്രവചനം.
ജ്യോതിഷിയുടെ പ്രവചനം ഫലിക്കുമോ ?ജാതക പ്രകാരം രാജയോഗവും, ആശയ ഫലപ്രാപ്‌തി യോഗവും കാണുന്നുണ്ടെന്നാണ് ജ്യോതിഷ പ്രവചനം. അധികാരസ്ഥാനലബ്‌ദിക്കു ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും, ശ്രീരാമന്റെ വനവാസ കാലം കഴിഞ്ഞുള്ള മടങ്ങിയവരവുണ്ടായ പ്രായമാണ് ഇപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കെന്നും ജ്യോതിഷി പ്രവചിക്കുന്നു.
അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പു ചേര്‍ത്തല കീരിപ്പനാട്ട് മഠത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനെത്തിയ രമേശ് ചെന്നിത്തലയോടാണ് അദ്ദേഹവുമായി വര്‍ഷങ്ങളുടെ പരിചയമുള്ള ജ്യോതിഷി രാഷ്‌ട്രീയ പ്രവചനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹതത്തോടു ജ്യോതിഷി തന്നെ ഫലം പ്രവചിക്കുകയായിരുന്നു. ആദ്യം നിന്നുകൊണ്ടു ഫലം കേട്ട അദ്ദേഹത്തെ ഓഫിസ് മുറിയിലെത്തിച്ചു പിന്നീട് വിശദമായ കാര്യങ്ങള്‍ പറയുകയായിരുന്നു. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത തെളിയുന്നെന്ന രീതിയില്‍ ജ്യോതിഷ പ്രവചനമുണ്ടായിരിക്കുന്നത്. ജാതക പ്രകാരം രാജയോഗവും, ആശയ ഫലപ്രാപ്‌തി യോഗവും കാണുന്നുണ്ടെന്നാണ് ജ്യോതിഷ പ്രവചനം. അധികാരസ്ഥാനലബ്‌ദിക്കു ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും, ശ്രീരാമന്റെ വനവാസ കാലം കഴിഞ്ഞുള്ള മടങ്ങിയവരവുണ്ടായ പ്രായമാണ് ഇപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കെന്നും ജ്യോതിഷി പ്രവചിക്കുന്നു. അതുകൊണ്ടു തന്നെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ രമേശിനു മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നാണ് ജ്യോതിഷ പ്രവചനം. എന്നാല്‍, 2016 ഏപ്രിലിനുള്ളില്‍ തന്നെ ആഗ്രഹിച്ച സ്ഥാനലബ്‌ദിയുണ്ടായില്ലെങ്കില്‍, പിന്നീട് ഇതു ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ജ്യോതിഷി പ്രവചിച്ചു എന്നും ഏറ്റവും അടുപ്പക്കാര്‍ അറിയുകയും അവ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ ഇടിത്തീ പോലെ സുധീര നീക്കം നടത്തിയിരിക്കുന്നത് അങ്കലാപ്പിലാക്കിയിരിക്കയാണ് .ചെന്നിത്തലക്കിപ്പോഴും ശനിദശതന്നെയാണോ ?
അടുത്ത തിരെഞ്ഞെടുപ്പിലും യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന് പറഞ്ഞ വിഎം സുധീരന്റെ നിലപാട്പുറത്തു വന്നത് ആശങ്കയോടെയാണ് ചെന്നിത്തല വിഭാഗം നോക്കിക്കാണുന്നത് .പിന്നീട് സുധീരന്‍ നിലപാട് തിരുത്തി പ്രസ്ഥാവന ഇറക്കിയെങ്കിലും വെട്ടിലായത് ചെന്നിത്തലയും കൂട്ടരുമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വിധി യുഡിഎഫിന് പ്രതികൂലമായാല്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവരാനായിരുന്നു കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ തീരുമാനം.രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയാല്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലെ അതൃപ്തി മാറുമെന്നും അത് യുഡിഎഫിന് നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.നിലവില്‍ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ്സും യുഡിഎഫിന് ഒപ്പമുള്ളതിനാല്‍ ന്യൂനപക്ഷവോട്ടുകള്‍ നഷ്ടമാവില്ലെന്നും ഇടതുമുന്നണിക്കും ബിജെപിക്കും പോവുന്ന ഭൂരിപക്ഷവോട്ടുകളില്‍ നല്ലൊരു വിഭാഗം ഇതുവഴി പിടിച്ചെടുക്കാന്‍ പറ്റുമെന്നുമായിരുന്നു അവരുടെ വാദം.എന്നാല്‍ അപ്രതീക്ഷിതമായി ഉമ്മന്‍ചാണ്ടി തന്നെ യുഡിഎഫിനെ നയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത് ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. എന്നാല്‍ ഈ പരാമര്‍ശം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ട് നായകന്റെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിന്റെ ആശങ്ക അയഞ്ഞിട്ടില്ല
ഹൈക്കമാന്റിന്റെ ശക്തമായ പിന്‍തുണയുള്ള വിഎം സുധീരന്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ള പ്രധാന തടസ്സമാണ് മാറുന്നത്.യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ മന്ത്രിസഭയുടെ ഘടന ഇപ്പോള്‍ ഉള്ളതുപോലെയാകില്ല എന്നതും ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്.മന്ത്രിസഭാ പുനഃസംഘടന വഴി ഏറ്റവും അധികം നഷ്ടം സഹിക്കേണ്ടിവന്ന എ ഗ്രൂപ്പ് വീണ്ടുമൊരു അവസരം ലഭിച്ചാല്‍ പിടിമുറുക്കുമെന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും സംശയമില്ല.
നിലവില്‍ ആഭ്യന്തരം, റവന്യൂ, ആരോഗ്യം, ടൂറിസം തുടങ്ങി സുപ്രധാന വകുപ്പുകള്‍ എല്ലാം ഐ ഗ്രൂപ്പിനാണ്. പോലീസ് ഭരണം മാത്രമല്ല ജില്ലാ കളക്ടര്‍മാരുടെ നിയന്ത്രണവും ഐ ഗ്രൂപ്പിലെ മന്ത്രിക്കായത് എ ഗ്രൂപ്പിനുള്ളില്‍ വലിയ അസ്വസ്ഥതക്കിടയാക്കിയിരുന്നു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ ആഭ്യന്തര വകുപ്പ് ഒരു കാരണവശാലും എ ഗ്രൂപ്പ് വിട്ടുകൊടുക്കില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.ആഭ്യന്തരവിജിലന്‍സ് വകുപ്പുകള്‍ ഉപയോഗിച്ച് ഐ ഗ്രൂപ്പ് എടുത്ത സമീപനങ്ങള്‍ വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയ ചെന്നിത്തലയ്ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കേണ്ട സാഹചര്യം അനിവാര്യമായതിനാലാണ് പലവട്ടം നല്‍കില്ലെന്ന് പറഞ്ഞ് വാശിപിടിച്ചിരുന്ന ആഭ്യന്തര വകുപ്പ് എ ഗ്രൂപ്പിന് വിട്ടുകൊടുക്കേണ്ടി വന്നിരുന്നത്.ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് നേതാവ് കൂടിയായ മുന്‍ ആഭ്യന്ത്രര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കടുത്ത പ്രതിഷേധവുമുണ്ടായിരുന്നു.പാമോയില്‍ കേസില്‍ പ്രതിയായ സാഹചര്യത്തില്‍ ആഭ്യന്തരവിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞപ്പോഴായിരുന്നു തിരുവഞ്ചൂരിന് നറുക്കു വീണിരുന്നത്.
ഇനി ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ചരിത്രം ആവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈയ്യാളുമെന്നുമാണ് എ ഗ്രൂപ്പ് നേതൃത്വം പറയുന്നത്.അങ്ങനെ വന്നാല്‍ അധികാരം ലഭിച്ചാലും റവന്യൂവകുപ്പ് കൊണ്ടു തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ചെന്നിത്തലയ്ക്കുണ്ടാവുക. ആഭ്യന്തരമന്ത്രിയായിരുന്ന രണ്ടാമന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുടെ പവറിന് താഴെയുള്ള മറ്റൊരു വകുപ്പില്‍ വെറും മന്ത്രിയായിരിക്കാന്‍ തയ്യാറാകുമോ എന്നകാര്യം കണ്ടറിയേണ്ടതു തന്നെയാണ്.ഘടകകക്ഷികള്‍ കൈവശം വച്ച വകുപ്പുകള്‍ വീണ്ടും അധികാരത്തില്‍ വന്നാലും വച്ചുമാറാന്‍ സാധ്യത കുറവായതിനാല്‍ ധനകാര്യം, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ കാര്യങ്ങളില്‍ ചിന്തിക്കാന്‍ പോലും ഐ ഗ്രൂപ്പിന് കഴിയില്ല.മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ കഴിഞ്ഞ് മൂന്നാമനായാണ് നിലവില്‍ ചെന്നിത്തലയുടെ സ്ഥാനമെങ്കിലും ആഭ്യന്തര വകുപ്പിന്റെ പവറില്‍ രണ്ടാമനായാണ് ഇപ്പോള്‍ അദ്ദേഹം ഭരണം നടത്തുന്നത്.കെപിസിസി പ്രസിഡന്റ് സുധീരനെ സംബന്ധിച്ച് രണ്ട് സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം യുഡിഎഫിന് സംഭവിച്ചാല്‍ ഹൈക്കമാന്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഥമ പരിഗണന ആന്റണിക്കോ സുധീരനോ നല്‍കുമെന്നുള്ളതാണ് ഒരഭിപ്രായം.അതല്ല, ഉമ്മന്‍ചാണ്ടിയെ തന്നെ നായകനാക്കാനാണ് തീരുമാനമെങ്കില്‍ സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു തുടരാനനുവദിക്കാനാണ് സാധ്യത.ഈ രണ്ടു കാര്യങ്ങളില്‍ ഏത് നടന്നാലും ചെന്നിത്തലയ്ക്ക് മൂന്നാമന്റെ റോളേ ഉണ്ടാകൂ.
ഇനി ഭരണം ലഭിച്ചില്ലെങ്കിലും പ്രതിപക്ഷനേതൃ സ്ഥാനത്തേക്ക് പോലും നിലവിലെ സാഹചര്യത്തില്‍ ചെന്നിത്തലയെ പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റിലെ സ്വാധീനം ചെന്നിത്തലക്ക് നഷ്ടപ്പെട്ടതാണ് ഇതിന്റെ പ്രധാന കാരണം.കണ്‍സ്യൂമര്‍ ഫെഡ് വിവാദത്തില്‍ അഴിമതി ആരോപണ വിധേയനായ പ്രസിഡന്റ് ജോയ് തോമസ്സിനെ മാറ്റാനുള്ള കെപിസിസി പ്രസിഡന്റിന്റെ കത്തിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കിയ ചെന്നിത്തലയുടെ നടപടിയില്‍ രാഹുല്‍ഗാന്ധിക്ക് കടുത്ത അതൃപ്തിയാണുണ്ടായിരുന്നത്. ആഭ്യന്തരമന്ത്രി എന്ന നിലയിലുള്ള ചെന്നിത്തലയുടെ പ്രകടനത്തിലും നേതൃത്വത്തില്‍ തൃപ്തിയില്ലെന്നാണ് സൂചന.