തിരുവനന്തപുരം: വീക്ഷണത്തിന് പിന്നാലെ തുല്യനീതിയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒളിയമ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഞ്ചാം ചരമവാഷിക ദിനത്തില്‍ കെ കരുണാകരനെ അനുസ്മരിച്ചുകൊണ്ടാണ് ചെന്നിത്തല ഫേസ്ബുക്കിള്‍ തുല്യനീതി ഓര്‍പ്പിക്കുന്നത്.വികസനം എന്നത് കരുണാകരന് വെറുമൊരു പ്രചരണായുധം ആയിരുന്നില്ലെന്നും ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരിക്കാന്‍ ലീഡര്‍ക്ക് കഴിഞ്ഞുവെന്നും ചെന്നിത്തല ഓര്‍മ്മിപ്പിക്കുന്നു. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി കരുണാകരന്‍ ഭരിച്ചു എന്നും ചെന്നിത്തലയിട്ട പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്‍െറ പൂര്‍ണരൂപം
ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്‍െറ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്‍െറ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധമല്ല, മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്‍െറ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്.
എ.കെ.ആന്റണിയുടെ ചികിത്സാര്‍ഥം അമേരിക്കയിലേക്ക് അദ്ദേഹത്തെ അനുഗമിച്ച് പോയ ആഭ്യന്തരമന്ത്രി ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിള്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിതുറക്കുന്നതാണ്.