കെട്ടിപ്പൊക്കിയ പ്രതിച്ഛായക്ക് തിരിച്ചടി! ഉമ്മൻ ചാണ്ടി ഇനിയെന്തു ചെയ്യും?

  തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സ്വന്തമായി  കെട്ടിപ്പൊക്കിയ ജനകീയ  പ്രതിച്ഛായക്ക് കനത്ത തിരിച്ചടിയാണ് താൻ മുഖ്യമന്ത്രിയാാായിരുന്നപ്പോ നിയമിച്ച കമ്മീഷനിൽ എതിരായ പരാമർശം ഉണ്ടാകുന്നത്. മുഖ്യമന്ത്രിക്ക് തെറ്റു സംഭവിച്ചു എന്ന പരാമർശം ഉണ്ടെന്നാണ് റിപ്പോർട്ട്.  ഒരു കാലത്ത്   നാണം കെട്ട ഗ്രൂപ്പ് കളിച്ച് സ്വന്തം പാർട്ടിയിലെ ലീഡറെ കാലുവാരി കരയിപ്പിിച്ചതിന് ദൈവം ശിക്ഷ കൊടുക്കുന്നതാണെന്ന് കോൺഗ്രസ് നേതാാക്ക തന്നെ അടക്കം പറയുന്നുണ്ട്.  ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ദോഷകരമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി ഉമ്മന്‍ ചാണ്ടിക്കോ കോണ്‍ഗ്രസിനോ ബാധകമല്ലെന്നു പറയാം. അതു തികച്ചും സാങ്കേതികം മാത്രം. കോണ്‍ഗ്രസിലോ ഐക്യ ജനാധിപത്യ മുന്നണിയിലോ ഉമ്മന്‍ ചാണ്ടി സ്ഥാനമൊന്നും വഹിക്കുന്നില്ലെന്നതു തന്നെ കാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി നേരിട്ട പരാജയത്തെ തുടര്‍ന്നു സ്ഥാനമൊന്നുമേല്‍ക്കാതെ മാറി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കണമെന്നോ സ്ഥാനമൊഴിയണമെന്നോ അദ്ദേഹത്തോടു പറയാന്‍ ആര്‍ക്കുമാവില്ലതന്നെ. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്കു നഷ്ടപ്പെടാനൊന്നുമില്ലെന്നര്‍ത്ഥം.
പക്ഷെ, ഉമ്മന്‍ ചാണ്ടിക്കൊരു പേരുണ്ടു സംസ്ഥാനത്ത്. അറുപതുകളില്‍ കെ.എസ്.യു. പ്രവര്‍ത്തകനായിരുന്ന കാലം തൊട്ട് ഉമ്മന്‍ ചാണ്ടി തന്നെ  വളര്‍ത്തിയെടുത്ത സ്വന്തം പ്രതിച്ഛായയാണത്. എന്നും എപ്പോഴും ആള്‍കൂട്ടത്തില്‍ കഴിഞ്ഞ നേതാവ്. മന്ത്രിയായാലും മുഖ്യമന്ത്രിയായാലും ഒരു സ്ഥാനവുമില്ലെങ്കിലും ഉമ്മന്‍ ചാണ്ടി സദാസമയം ജനങ്ങളോടൊപ്പമുണ്ടാവും. അതുകൊണ്ടു തന്നെയാണ് അദ്ദേഹം തികച്ചും ജനകീയനായ ഒരു മുഖ്യമന്ത്രിയായി വളര്‍ന്നത്. കോണ്‍ഗ്രസിനുള്ളില്‍ കരുത്തനായി വളര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വം കോണ്‍ഗ്രസിനുമപ്പുറത്തേക്കു വളര്‍ന്നു പൊതുസമൂഹത്തിലേക്കു പടര്‍ന്നു കയറിയതും പരക്കെയുള്ള ജനസമ്മതി ഒന്നുകൊണ്ടുമാത്രമാണ്.
എപ്പോഴും ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ അത്യുത്സാഹമാണോ അദ്ദേഹത്തെ സരിത വിവാദത്തിന്റെ നീര്‍ച്ചുഴിയിലേക്കു തള്ളി വിട്ടത്? കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിടേണ്ടിവന്നിട്ടില്ലാത്ത ദുര്യോഗമാണ് ഉമ്മന്‍ ചാണ്ടിക്കു വന്നുപെട്ടത്. സ്വന്തം ഓഫീസിലെ സ്വന്തം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു.
സോളാര്‍ വിവാദം ഒരു സര്‍ക്കാറിനെത്തന്നെ മുള്‍മുനയില്‍ നിര്‍ത്തി. പ്രതിപക്ഷം സമരത്തിലൂടെ കടുത്ത സമ്മര്‍ദം ചെലുത്തിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതു യുഡിഎഫിനു വിനയായി. പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിക്ക്. മുഖ്യമന്ത്രിയായിരിക്കെ, ഉമ്മന്‍ ചാണ്ടിക്ക് ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ 14 മണിക്കൂര്‍ നേരമാണു മൊഴി നല്‍കേണ്ടിവന്നത്. ഇപ്പോള്‍ നാലു വര്‍ഷമാവാന്‍ ഒരു മാസം മാത്രം അവശേഷിച്ചിരിക്കെ വന്നിരിക്കുന്ന റിപ്പോര്‍ട്ടിലും ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇനി, റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനെ പ്രത്യക്ഷത്തില്‍ ബാധിക്കില്ലായിരിക്കാം. അദ്ദേഹം ഒന്നും സംഭവിക്കാത്തതുപോലെ പതിവുരീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ഓടി നടന്നേക്കാം. എങ്കിലും ജനമധ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ യശസ്സിനു കോട്ടമുണ്ടാവും. ഉമ്മന്‍ ചാണ്ടിതന്നെ നിയോഗിച്ച ശിവരാജന്‍ കമ്മീഷനാണ് അദ്ദേഹത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നുമോര്‍ക്കണം.
ദേശീയതലത്തില്‍ ദുര്‍ബലാവസ്ഥയിലായ കോണ്‍ഗ്രസിനു കേരളം പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണു പ്രതീക്ഷ നല്‍കുന്നത്. കേരളത്തിലാവട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ പ്രതീക്ഷയായിരുന്നത് ഉമ്മന്‍ചാണ്ടിയും. സ്ഥാനങ്ങളൊന്നും കൈയിലില്ലെങ്കിലും ഉമ്മന്‍ചാണ്ടി സ്വതവെ ഒരു ശക്തികേന്ദ്രമാണ്. ജനങ്ങളുടെ പിന്തുണ തന്നെയാണ് ഇതിനു കാരണം. കെ.പി.സി.സി. അധ്യക്ഷനാവാന്‍ ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കള്‍ അദ്ദേഹത്തെ ക്ഷണിക്കുന്നുമുണ്ട്. ആ ക്ഷണം സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴും ഒരുക്കവുമല്ല. കെ.പി.സി.സി. നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടി എത്തിയാല്‍ പാര്‍ട്ടി ശക്തിപ്പെടുമെന്നും മുന്നണി പ്രവര്‍ത്തനം കൂടുതല്‍ സജീവമാവുമെന്നും കണക്കാക്കുന്നവര്‍ ഏറെ. ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തി ഭരണപക്ഷത്തെയും വളര്‍ന്നുവരുന്ന ബി.ജെ.പിയെയും വെല്ലുവിളിക്കാനാവുമെന്നു കണക്കുകൂട്ടുന്നവരാണിവര്‍. ആ കണക്കുകൂട്ടലുകളിലെ നായകനാവാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിയുമോ എന്നത് വലിയൊരു ചോദ്യം തന്നെയാണ്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം തന്നെ രാഷ്ട്രീയമായി ഇടപെട്ട് സോളാര്‍ വിവാദം ഒരു തരത്തില്‍ തണുപ്പിച്ചിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതു ശരിക്കു പറഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിജയം തന്നെയായിരുന്നു. വീണ്ടും യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് ഉറക്കെപറയാനുള്ള ശക്തി ഉമ്മന്‍ചാണ്ടിക്കു നല്‍കിയത് ഈ വിജയമായിരുന്നു. പക്ഷെ പിന്നീടു വന്ന ബാര്‍ വിവാദം കാര്യങ്ങളൊക്കെ അവതാളത്തിലാക്കി. ധനകാര്യമന്ത്രി കെ.എം. മാണി രാജി വെച്ചതോടെ മുന്നണിയുടെ ശോഭ കെടാന്‍ തുടങ്ങി.
അവസാനം നിയമസഭാതിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം മുന്നണിയുടെ പതനം പൂര്‍ണമാക്കി. മാണി മുന്നണിതന്നെ വിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം വഴി ദല്‍ഹിയിലെത്തി. ഉമ്മന്‍ ചാണ്ടി സ്ഥാനങ്ങള്‍ ഒന്നുമേല്‍ക്കാതെ മാറിന്നു. യു.ഡി.എഫിന്റെ ആണിക്കല്ലുകളായിരുന്നു ഈ മൂന്നു പേരും. ഉമ്മന്‍ ചാണ്ടി വന്നാല്‍ മാത്രമേ കോണ്‍ഗ്രസും യു.ഡി.എഫും രക്ഷപ്പെടൂ എന്നു കണക്കാക്കിയിരുന്നവരുടെ പ്രതീക്ഷകളുടെ നേര്‍ക്കാണ് ശിവരാജന്‍ കമ്മിഷന്റെ പരാമര്‍ശങ്ങള്‍.
ഉമ്മന്‍ ചാണ്ടി എന്താവും ചെയ്യുക?  കനത്ത പരീക്ഷണങ്ങള്‍ പലതും വന്നിട്ടും പതറിയിട്ടില്ലാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടി. ഭരിക്കുന്ന കാലത്ത് സരിത വിവാദവും സോളാര്‍ വിവാദവും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. ഭരണത്തില്‍നിന്ന് ഇറങ്ങിയപ്പോഴും ഉമ്മന്‍ ചാണ്ടിയെ ഈ വിവാദങ്ങള്‍ വേട്ടയാടുകയാണോ..?
Top