ഡല്‍ഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും കെ പി സി സി അധ്യക്ഷന്‍ വി എ സുധീരനെതിരെയും എഴുതിയതായി ആരോപണമുയര്‍ന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കത്ത് കിട്ടിയത് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചെന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണ്. ഇത്തരം വാര്‍ത്ത വരുന്നത് ദൗര്‍ഭാഗ്യകരമാണ്.ഇനിയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകരുതെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ നഷ്ടമായെന്നും അഴിമതി നടമാടുന്നെന്നും കാട്ടി ചെന്നിത്തലയുടെ ഒപ്പ് വച്ചുള്ള കത്ത് ഒരു പ്രമുഖ ഇംഗ്‌ളീഷ് മാധ്യമത്തിന് ലഭിച്ച്ചിരുന്നു. എന്നാല്‍ തനിക്ക് ഒരു പങ്കുമില്ലെന്നും കത്തിലെ തന്റെ ഒപ്പ് സ്‌കാന്‍ ചെയ്ത് വച്ചതാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഹൈക്കമാന്‍ഡിന് ലഭിച്ച കത്താണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിക്കുപോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.അതിനിടെ, കത്ത് വിവാദത്തില്‍ ഒളിയമ്പുകളുമായി എ – ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. പരാതികള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിച്ച് പരിഹാരം കണ്ടെത്താനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളെ ഹരംകൊള്ളിക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.തൊട്ടുപിന്നാലെ തിരുവഞ്ചൂരിന് മറുപടിയുമായി ജോസഫ് വാഴയ്ക്കന്‍ രംഗത്തെത്തി. അച്ചടക്കത്തെക്കുറിച്ച് പറയാന്‍ പത്രസമ്മേളനം നടത്തിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. കത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുന്നു. വൈകിയാണെങ്കിലും അച്ചടക്കത്തെക്കുറിച്ച് വെളിപാടുണ്ടായത് നന്നായെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു..