തിരുവനന്തപുരം:വി.എം.സുധീരന്റെ ആരോപണം ചെന്നിത്തല തള്ളി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡി.എഫിനുണ്ടായ തോൽവിയുടെ ത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോൽവിയിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമല്ല, എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനിൽ കെ.എസ്.യു ജന്മദിന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോൽവിക്ക് കാരണം ഗ്രൂപ്പ് പ്രവർത്തനമാണെന്ന കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരന്റെ ആരോപിച്ചിരുന്നു . സംഘടനാപരമായ പോരായ് മകൾ പാർട്ടിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഗ്രൂപ്പ് തർക്കമാണ് തോൽവിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ തെറ്റാണ്. കോൺഗ്രസിൽ ഒരു തരത്തിലുമുള്ള ഗ്രൂപ്പ് തർക്കമില്ല. തോൽക്കുന്പോൾ വിമർശിക്കുകയും വിജയിക്കുന്പോൾ ആഹ്ളാദിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.
ഒരു ഉപതിരഞ്ഞെടുപ്പിൽ തോറ്റതു കൊണ്ട് കോൺഗ്രസ് ഇല്ലാതാകില്ല. മുന്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് കോൺഗ്രസാണെന്ന് മറക്കരുത്. ചെങ്ങന്നൂരിൽ കണ്ടത് കേരളത്തിലെ ആകെയുള്ള ജനങ്ങളുടെ വികാരമല്ല. എന്നാൽ, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് കോൺഗ്രസിന്റെ രീതി. സംഘടനാപ്രശ്നങ്ങളുമായി കെ.എസ്.യു ഉന്നയിച്ച പരാതികളെ മുഖവിലയ്ക്ക് എടുക്കുന്നു. പ്രതിസന്ധികളും പോരായ്മകളും പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും:
ഉമ്മൻചാണ്ടി.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവി ഒരു സൂചനയായി കണ്ട് തെറ്റ് തിരുത്തി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ചടങ്ങിൽ സംസാരിച്ച എ.ഐ.സി.യസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. തോൽവിയുടെ കാരണം കണ്ടെത്തി കൂടുതൽ കരുത്തോടെ കോൺഗ്രസ് പ്രവർത്തിക്കും. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.