തിരുവനന്തപുരം : സമരമിരുന്നു കൊതുകടി കൊള്ളണ്ടേന്ന് പറഞ്ഞ രമേശ് ചെന്നിത്തലക്ക് ഇന്ന് എട്ടിന്റെ പണി കിട്ടി .തിരുവനന്തപുരം സ്വദേശി ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 761 ദിവസത്തിലേറെയായി സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയെ യുവാവ് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ശ്രീജിത്തിന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ യുവാവാണ് ചെന്നിത്തലയോട് കയര്‍ക്കുന്നത്. ഇന്ന് രാവിലെയാണ് ചെന്നിത്തല ശ്രീജിത്തിനെ കാണാനെത്തിയത്. സി.ബി.ഐ കേസ് ഏറ്റെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അതിനായി അഭിഭാഷകനെ ഏര്‍പ്പാടാക്കാമെന്നും ചെന്നിത്തല വാഗ്ദാനം ചെയ്യുന്നു. അതിന് ഇവിടെ കിടന്നിട്ട് കാര്യമുണ്ടോയെന്നും ചെന്നിത്തല ചോദിക്കുന്നു. ഇതിനിടെയാണ് ഒരു സംശയം ചോദിച്ചോട്ടെ എന്ന് ചോദിച്ചു യുവാവിന്റെ രംഗപ്രവേശം.
സാര്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ നടന്ന സംഭവമല്ലേ. അന്ന് ഞാന്‍ ശ്രീജിത്തിനൊപ്പം സാറിനെ കാണാന്‍ വന്നിരുന്നു. അന്ന് സാര്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ? റോഡില്‍ കിടന്നാല്‍ പൊടിയടിക്കുമെന്നും രാത്രി കൊതുക് കടിക്കുമെന്നും പറഞ്ഞു അതാണോ സാര്‍ സഹായം. എനിക്കത് ഓര്‍മയുണ്ട്”-യുവാവ് പറഞ്ഞു.
തുടര്‍ന്ന് അത് പറയാന്‍ താനാരാ എന്ന് ചെന്നിത്തല ചോദിക്കുന്നു. അപ്പോള്‍ പൊതുജനമാന്ന് മറുപടി നല്‍കുന്നു. എന്ത് പൊതുജനം എന്നാണ് ചെന്നിത്തല തിരികെ ചോദിക്കുന്നത്. താന്‍ ശ്രീജിത്തിന്റെ സുഹൃത്താണെന്നും തനിക്ക് പറയാന്‍ അവകാശമുണ്ടെന്നും യുവാവ് മറുപടി നല്‍കുന്നു. താന്‍ രാഷ്ട്രീയം പറയുകയല്ലെന്നും യുവാവ് പറയുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യം സംസാരിക്കരുതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രംഗം പന്തിയല്ലെന്ന് കണ്ട് ഏതാനും നിമിഷത്തിനകം സ്ഥലംവിടുകയായിരുന്നു .
അതേസമയം സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍.ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന്റെ പ്രശ്‌നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെത്തന്നെ നടപടികള്‍ എടുത്തിരുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി. കേസില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. 10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി.
കേസ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തു. എന്നാല്‍ സിബിഐക്ക് കേസ് എടുക്കനാവില്ലെന്നു കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല. കേരളത്തില്‍ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്. അത് കൊണ്ട് അന്വേഷിക്കാന്‍ പറ്റില്ല-ഇതാണ് മറുപടി.അപൂര്‍വ്വവും അസാധാരണവുമായ ഒരു കേസായി ഇതിനെ കാണുന്നില്ലെന്നാണ് സിബിഐ അറിയിയിച്ചത്. ജോലിഭാരമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിക്കുകയാണെന്ന നിലപാടാണ് സിബിഐ എടുത്തത്.ശ്രീജിത്തിന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ ആണെന്ന് വരുത്താന്‍ കോണ്‍ഗ്രസ്സും യുവ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതൊക്കെ ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു.