കൊച്ചിയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ വെള്ളിയാഴ്ച (ജൂലൈ 16) ഗവർണർ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കൊച്ചി:എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30-ന് മേയർ എം. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യ പ്രഭാഷണം നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടാറ്റ സൺസ് മുൻ ഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ, എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ്, സെന്റ് തെരേസാസ് കോളജ് മാനേജറും റേഡിയോ കൊച്ചി 90 എഫ് എം ഡയറക്ടറുമായ സിസ്റ്റർ വിനീത തുടങ്ങിയവർ ആശംസകൾ നേരും.

കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ലൈസൻസ് ലഭിച്ചിട്ടുള്ള റേഡിയോ കൊച്ചി എഫ്എം- ലൂടെ വിവര കൈമാറ്റത്തിനൊപ്പം വിനോദത്തിനും പ്രാധാന്യം നൽകുമെന്ന് ഡയറക്ടർ സിസ്റ്റർ വിനീത പറഞ്ഞു. കൊച്ചി നിവാസികളുടെ ശബ്ദമാകുക എന്നതാണ് റേഡിയോ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.

തീരദേശ പരിപാലനവും അതിന്റെ പ്രാധാന്യവും, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, ആരോഗ്യം, പോഷണം, ശുചിത്വം, ഊർജസംരക്ഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംസ്‌കാരം, നൈപുണ്യ വികസനം, കൃഷി തുടങ്ങിയ വിഷയങ്ങളാണ് റേഡിയോ കൊച്ചി 90 എഫ് എം കൈകാര്യം ചെയ്യുക എന്ന് ഡെപ്യൂട്ടി ഡയറക്ടറും സെന്റ് തെരേസാസ് കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവിയുമായ ഡോ. ലത നായർ അറിയിച്ചു.

റേഡിയോ മാധ്യമ രംഗത്ത് നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള കൃഷ്ണകുമാർ സി.കെ ആണ് റേഡിയോ കൊച്ചി 90 എഫ് എം – ന്റെ സ്റ്റേഷൻ ഡയറക്ടർ. ആകാശവാണി ഉൾപ്പെടെ വിവിധ റേഡിയോകളിൽ പ്രവർത്തിച്ചിട്ടുള്ള താനിയ ലൂയിസ് ആണ് പ്രോഗ്രാം ഹെഡ്.

Top