
കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചുവെന്ന് കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. പോലീസ് ഇവരുടെ വൈദ്യ പരിശോധനയും രഹസ്യമൊഴിയെടുക്കലും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
യുവതിയുടെ മൊഴിയിലെ വസ്തുതകള്‍ തേടി അന്വേഷണം തുടങ്ങി. ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന വീട്ടില്‍ പോലീസെത്തി പരിശോധിച്ചു. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നാണ് വിവരം.
കണ്ണൂര്‍ സ്വദേശിയായ 40 കാരിയാണ് ബാലചന്ദ്ര കുമാറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എളമക്കര സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത് എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ഹൈടെക് സെല്ലിന് കൈമാറി.
പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി ഇപ്പോള്‍ ഹോം നഴ്സായി ജോലി ചെയ്യുകയാണ്. തൃശൂരിലെ ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. തുടര്‍ന്ന് ജോലി തേടി വിളിച്ചപ്പോള്‍ സിനിമയില്‍ അവസരം നല്‍കാമെന്നും കൊച്ചിയിലേക്ക് വരണമെന്നും പറഞ്ഞു വിളിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം.
എളമക്കരയിലെ പുതുക്കലവട്ടത്തെ ഗാനരചയിതാതിന്റെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത് എന്നാണ് ആരോപണം. പുറത്തുപറയുമെന്ന് പറഞ്ഞപ്പോള്‍ വീഡിയോ എടുത്തിട്ടുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരി പറയുന്നു.
ഇത്രയും കാലം പുറത്തുപറയാതിരുന്നത് ഭയന്നിട്ടാണ്. ദിലീപ് കേസില്‍ സ്ത്രീകളെ പറ്റി ബാലചന്ദ്ര കുമാര്‍ പറയുന്നത് കേട്ടപ്പോഴാണ് പരാതിപ്പെടണമെന്ന് തോന്നിയതെന്നും യുവതി പറയുന്നു.
പരാതിക്കാരി പറയുന്ന കാലയളവില്‍ ബാലചന്ദ്ര കുമാര്‍ വാടകയ്ക്ക് ഈ വീട്ടില്‍ താമസിച്ചിരുന്നു എന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചു. എന്നാല്‍ പീഡനം നടന്നോ എന്നതിന് തെളിവ് ലഭിച്ചിട്ടില്ല. അന്വേഷണ ഘട്ടത്തിലാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
ആരോപണം ഉന്നയിച്ച സ്ത്രീയെ അറിയില്ല എന്നാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു.